തിരുവനന്തപുരം: സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാൻ കടുത്ത നടപടികൾ കൈക്കൊള്ളുകയാണ് പോലീസ്. തമിഴ്നാട്ടിലെ പോലീസ് കൈകൂപ്പി അപേക്ഷിച്ചാണ് ജനങ്ങളെ തിരിച്ചയയ്ക്കുന്നത് എങ്കിൽ കേരളത്തിൽ പോലീസ് ഓടിച്ചിട്ട് തല്ലി പുറം പൊളിച്ചാണ് വീട്ടിലേക്ക് തന്നെ ആളുകളെ തിരിച്ചുകയറ്റുന്നത്. അനാവശ്യമായി പുറത്തിറങ്ങി കൊവിഡ് വാഹകരാകാൻ പോകുന്ന ജനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട് എങ്കിലും, പോലീസ് ആവശ്യക്കാരേയും അനാവശ്യക്കാരേയും വേർതിരിച്ച് ഒന്നും നോക്കാതെ തല്ലിയോടിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന അഭിപ്രായവും ഇതിനകം ഉയർന്നു കഴിഞ്ഞു.
പൊതുപ്രവർത്തകരെ പോലും തടഞ്ഞിട്ട് തല്ലുന്ന പോലീസിന്റെ നരനായാട്ടിന് എതിരെ സോഷ്യൽമീഡിയയും ശക്തമായ വിമർശനമാണ് പങ്കുവെയ്ക്കുന്നത്. ഇതിനിടെ പോലീസിന്റെ വേട്ടയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനായ വർഗീസ് ആന്റണി. പുറത്തിറങ്ങുന്നവരെ പോലീസ് വേട്ടനായ്ക്കളെ പോലെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വർഗീസ് ആന്റണി പറയുന്നു. അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവരെ പോലും ലാത്തി കൊണ്ട് തല്ലി ചതയ്ക്കുന്ന പോലീസിനെതിനെ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നാണ് വർഗീസ് ആന്റണി ഫേസ്ബുക്കിലൂടെയുള്ള രോഷ കുറിപ്പിൽ ആവശ്യപ്പെടുന്നത്. ഇതിനോടുള്ള പ്രതിപക്ഷത്തിന്റെ മൗനവും മാധ്യമപ്രവർത്തകനെ ചൊടിപ്പിക്കുന്നുണ്ട്.
ഈ കുറിപ്പ് വായിക്കുന്നവരിൽ ഭൂരിപക്ഷവും പുറത്തിറങ്ങുന്നവരുടെ പുറം അടിച്ചുപൊളിക്കണമെന്ന് അഭിപ്രായമുള്ളവരാണ് എന്നറിഞ്ഞിട്ടു തന്നെയാണ് ഈ എഴുത്ത് എന്ന മുഖവുരയോടെയാണ് മാധ്യമപ്രവർത്തകന്റെ കുറിപ്പ്.
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് പോലീസിന് അധികാരം നൽകിയിരിക്കുന്നത് അല്ലാതെ പുറംവഴളി ചൂരലിന് തല്ലാം എന്നല്ലെന്ന് വർഗീസ് ആന്റണി ഓർമ്മിപ്പിക്കുന്നു. ആളുകൾ കൂട്ടം കൂടുന്നത് തടയാനാണ് പോലീസ് നടപടി എടുക്കേണ്ടത്. അല്ലാതെ യഥാർത്ഥ ആവശ്യത്തിന് ഇറങ്ങുന്നവരെ തല്ലാനല്ല. കൽക്കത്തയിൽ പാല് വാങ്ങാൻ ഇറങ്ങിയവനെ പോലീസ് തല്ലിക്കൊന്നു, ഡൽഹിയിൽ ഡെലിവറി ബോയ്സിനെ അടിച്ച് വീഴിച്ചു, മലപ്പുറത്ത് മുൻസിപ്പൽ ചെയർപേഴ്സണേയും ആരോഗ്യപ്രവർത്തകരേയും തല്ലുന്ന വീഡിയോ വൈറലായി, കർണാടക അതിർത്തിയിൽ തടഞ്ഞിട്ട ആംബുലൻസിൽ ഗർഭിണി പ്രസവിച്ച വാർത്തയും നമ്മൾ വായിച്ചു, തുടങ്ങിയ പോലീസിന്റെ വിവാദ നടപടികളും വർഗീസ് ആന്റണി പങ്കുവെയ്ക്കുന്നുണ്ട്.
വീട്ടിലിരുന്ന അഭിഭാഷകൻ പ്രമോദ് പുഴങ്കരയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വാർത്തയും ഇദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒരു കാരണവുമില്ലാതെ വീട്ടിലിരുന്ന തന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പോലീസ് സംഘം രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചതായുമാണ് പ്രമോദിന്റെ പരാതി.
”നാട്ടിലെ മൊത്തം കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്ന് പോലീസുകാർ വിചാരിക്കുന്നുണ്ടെങ്കിൽ ജനാധിപത്യ ബോധമുള്ളവർ തിരുത്തണം. ആളുകളുടെ വീഡിയോ അനുവാദമില്ലാതെ പകർത്തി പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുകയും വേണം. ഭക്ഷണം ആവശ്യമുള്ളവർ നേരിട്ട് പറയാൻ മടിക്കുമെന്നും അതിനാൽ ഫോൺനമ്പർ കൊടുക്കുമെന്നും പറഞ്ഞപ്പോൾ ആത്മാഭിമാനത്തോടുള്ള കരുതലെന്ന് കയ്യടിച്ചവർ പൊതുപ്രവർത്തകരുടെ അഭിമാനത്തേക്കുറിച്ച് കൂടി വല്ലതും പറയണം. സിപിഎമ്മുകാരുടെ ഗതി ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥയെന്താകും എന്നതാണ് ആലോചിക്കേണ്ടത്. അഴിച്ചുവിട്ട വേട്ടനായ്ക്കളേപ്പോലെ പോലീസുകാർ നിരപരാധികളെ ആക്രമിക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളുടെ ഗുണഫലത്തെ ഒന്നാകെ ഇല്ലാതാക്കുകയാണ്. ഭക്തൻമാർ തോളിൽ നിന്നും ഇറക്കിയ ശേഷം പിണറായി വിജയനോട് ആരെങ്കിലും ഇക്കാര്യം പറയുമെന്ന് കരുതാം.”- വർഗീസ് ആന്റണി രോഷത്തോടെ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.
അതേസമയം, പോലീസിന്റെ ഇടപെടൽ ശക്തമായി തുടരേണ്ടതുണ്ട് എന്ന് തന്നെയാണ് ഭൂരിപക്ഷം പേരും സോഷ്യൽമീഡിയയിലൂടെ പ്രതികരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും ഇളവ് ഉണ്ടായാൽ കൊവിഡ് 19 ബാധിച്ചവരും അല്ലാത്തവരും അവകാശങ്ങളുടെ പേരിൽ കൂട്ടമായി റോഡിൽ ഇറങ്ങിയാൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ജലരേഖയാകുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ കായികമായി പോലീസ് നേരിടാതെ കർശ്ശനമായ താക്കീതും നിയമനടപടികളും അറസ്റ്റുമൊക്കെയായി മുന്നോട്ട് പോയാലും ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമെന്നും അഭിപ്രായങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു.
വർഗീസ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
രണ്ട് ദിവസമായി ടൈംലൈനിൽ നിറയെ പോലീസുകാർ തലങ്ങും വിലങ്ങും മനുഷ്യരെ തല്ലുന്ന ദൃശ്യങ്ങളാണ്. പൊതുസ്ഥലത്ത് വന്നു എന്ന കുറ്റമാണ് മിക്കവാറും എല്ലാവരും ചെയ്തിട്ടുള്ളത്. 144 പ്രഖ്യാപിച്ചയിടങ്ങളിൽ 5 പേരിൽ കൂടുതൽ കൂട്ടം കൂടരുത് എന്നാണ് ചട്ടം. അങ്ങനെയുള്ളവർക്കെതിരെ നിയമനപടി എടുക്കാം. (പുറംവഴി ചൂരലിന് തല്ലാം എന്നല്ല) പക്ഷേ, ചിലയിടങ്ങളിൽ ഒറ്റക്ക് വരുന്നവരേയും രണ്ട് പേരായി വരുന്നവരേയും പോലീസ് ലാത്തികൊണ്ട് പുറത്തിനടിക്കുന്നുണ്ട്. ഈ കുറിപ്പ് വായിക്കുന്നവരിൽ കൂടുതൽ പേരും പുറത്തിറങ്ങുന്നവരുടെ പുറം അടിച്ച് പൊളിക്കണം എന്ന അഭിപ്രായമുള്ളവരായിരിക്കും എന്ന വിചാരത്തോടെ തന്നെയാണ് ഇതെഴുതുന്നത്. നിങ്ങൾ ഒരു സാഡിസ്റ്റല്ലെങ്കിൽ തുടർന്ന് വായിക്കണം എന്നാണപേക്ഷ.
ഈ നാട് ഒരു ആരോഗ്യ അടിയന്തിരാവസ്ഥയെ നേരിടുകയാണ്. ജനങ്ങൾ വീട്ടിലിരിക്കുക തന്നെ വേണം. ഇതിലാർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. ചിലരത് പാലിക്കണമെന്നില്ല. അതിനാൽ അത്തരക്കാർക്കെതിരെ നിയമ നടപടികൾ പോലീസിന് എടുക്കേണ്ടിവരും എന്നുറപ്പാണ്. ലാത്തിച്ചാർജ് ചെയ്ത് പുറം പൊളിക്കലല്ല പരിഹാരം. ഇവിടെ ക്രമസമാധാന പ്രശ്നമൊന്നുമില്ല. ആളുകൾ ഒരുമിച്ച് കൂടാതിരിക്കുക എന്നതാണ് വേണ്ടത്. ഈ തല്ലുകൊള്ളുന്നവരിൽ യഥാർത്ഥ ആവശ്യത്തിന് പുറത്തിറങ്ങിയ നിരവധിപേരുണ്ടെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. കൽക്കത്തയിൽ പാല് വാങ്ങാൻ ഇറങ്ങിയവനെ പോലീസ് തല്ലിക്കൊന്നു, ഡൽഹിയിൽ ഡെലിവറി ബോയ്സിനെ അടിച്ച് വീഴിച്ചു, മലപ്പുറത്ത് മുൻസിപ്പൽ ചെയർപേഴ്സണേയും ആരോഗ്യപ്രവർത്തകരേയും തല്ലുന്ന വീഡിയോ വൈറലായി, കർണാടക അതിർത്തിയിൽ തടഞ്ഞിട്ട ആംബുലൻസിൽ ഗർഭിണി പ്രസവിച്ച വാർത്തയും ഇന്ന് വായിച്ചു.
കേരളത്തിലെ ലോക്ക് ഡൗണിൽ നിരത്തുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് തടസമൊന്നുമില്ല എന്നായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞത്. അതേ ദിവസം ചീഫ് സെക്രട്ടറിയും ഇത് പറഞ്ഞിരുന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് സ്വകാര്യ വാഹനങ്ങളും മദ്യം ഉൾപ്പെടെയുള്ളവയും അവശ്യ സർവ്വീസ് ലിസ്റ്റിൽ നിന്നും പുറത്തായത്. ഈ വിധം പലതരം അഭിപ്രായങ്ങളിലൂടെ ആശയക്കുഴപ്പത്തിൽ ആയവരാണ് ആദ്യദിവസങ്ങളിൽ മിക്കവാറും റോഡുകളിലിറങ്ങി അടി വാങ്ങിയവർ. അവശ്യ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവരോട് പോലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. പക്ഷേ കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെ. അഴിച്ചുവിട്ട ഭൂതം കുപ്പിയിൽ കയറാൻ വിസമ്മതിക്കുകയാണ്. അതാണ് പോലീസ്. പോലീസിനേക്കൊണ്ട് തല്ലിച്ച് ജനങ്ങളെ നേരെയാക്കിക്കളയാം എന്ന് കരുതുന്നവർ ജനാധിപത്യ രാജ്യമല്ല ഭരിക്കേണ്ടത്. എല്ലാദിവസവും ഭക്തർക്ക് ആത്മവിശ്വാസം പകരുന്ന വാർത്താ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്ന ആളാണെങ്കിലും അതങ്ങനെ തന്നെയാണ്. നാടിന്റെ ഭരണം പോലീസിനെ ഏൽപ്പിച്ച മട്ടാണ് കാണുന്നത്. ഈ കാടത്തം കൺമുന്നിൽ കണ്ടിട്ടും പ്രതിപക്ഷം വായിൽ വിരലിട്ടാണിരിപ്പ്.
കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ തടഞ്ഞ് നിർത്തി താക്കീതോടെ പറഞ്ഞ് വിടുന്ന വീഡിയോ എടുത്ത് പോലീസുകാർ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. തിരുവനന്തപുരത്ത് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയെ പിടിച്ച് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോയും പോലീസുകാർ തന്നെ പ്രചരിപ്പിച്ചു. ഈ നാട്ടിൽ പൊതുപ്രവർത്തകർ ഒന്നും വീട്ടിൽ നിന്നും ഇറങ്ങണ്ട എന്നാണോ പിണറായിയുടെ പോലീസ് കരുതുന്നത്? നാട്ടിലെ മൊത്തം കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്ന് പോലീസുകാർ വിചാരിക്കുന്നുണ്ടെങ്കിൽ ജനാധിപത്യ ബോധമുള്ളവർ തിരുത്തണം. ആളുകളുടെ വീഡിയോ അനുവാദമില്ലാതെ പകർത്തി പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുകയും വേണം. ഭക്ഷണം ആവശ്യമുള്ളവർ നേരിട്ട് പറയാൻ മടിക്കുമെന്നും അതിനാൽ ഫോൺനമ്പർ കൊടുക്കുമെന്നും പറഞ്ഞപ്പോൾ ആത്മാഭിമാനത്തോടുള്ള കരുതലെന്ന് കയ്യടിച്ചവർ പൊതുപ്രവർത്തകരുടെ അഭിമാനത്തേക്കുറിച്ച് കൂടി വല്ലതും പറയണം. സിപിഎമ്മുകാരുടെ ഗതി ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥയെന്താകും എന്നതാണ് ആലോചിക്കേണ്ടത്.
അഴിച്ചുവിട്ട വേട്ടനായ്ക്കളേപ്പോലെ പോലീസുകാർ നിരപരാധികളെ ആക്രമിക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളുടെ ഗുണഫലത്തെ ഒന്നാകെ ഇല്ലാതാക്കുകയാണ്. ഭക്തൻമാർ തോളിൽ നിന്നും ഇറക്കിയ ശേഷം പിണറായി വിജയനോട് ആരെങ്കിലും ഇക്കാര്യം പറയുമെന്ന് കരുതാം.
Discussion about this post