കൊച്ചി: മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ടവരായി അവസാന നിമിഷംവരെ സത്യഭാമയ്ക്ക് ഒരുപാട് പേരുണ്ടായിരുന്നു. എന്നാല്‍ അവസാന യാത്ര പറയുമ്പോള്‍ ആരും അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. അന്തരിച്ച കടവന്ത്ര മുല്ലോത്ത് സത്യഭാമയുടെ(90) സംസ്‌കാര ചടങ്ങുകള്‍ കൊറോണ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് കൊണ്ടായിരുന്നു.
പത്തുപേര്‍ മാത്രമാണ് ശ്മശാനത്തിലെത്തി ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അമ്മ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുമ്പോഴും മക്കള്‍ ശ്രദ്ധിച്ചിരുന്നു.
സംസ്‌കാര ചടങ്ങുകളില്‍ പത്തുപേര്‍ മാത്രം മതിയെന്ന് തീരുമാനിച്ചത് മക്കളും കൊച്ചുമക്കളും അടക്കമുള്ള ബന്ധുക്കള്‍ ചേര്‍ന്നായിരുന്നു. മക്കളും കൊച്ചുമക്കളും മാത്രം വന്നാല്‍പ്പോലും വലിയൊരു ആള്‍ക്കൂട്ടമാകുമെന്ന് തിരിച്ചറിഞ്ഞ് അവരില്‍നിന്ന് ആറു പേര്‍ മാത്രമാണ് സംസ്‌കാര ചടങ്ങിനായി രവിപുരത്തെ ശ്മശാനത്തിലേക്കെത്തിയത്.
ചടങ്ങുകളെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരും മടങ്ങുകയും ചെയ്തു. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയാണ് അവര്‍ ചടങ്ങില്‍ പങ്കെടുത്തത്. സത്യഭാമയുടെ ശവസംസ്‌കാര ചടങ്ങുകളെല്ലാം ചുരുക്കി കുടുംബം നിര്‍ദേശങ്ങളെല്ലാം പാലിച്ചതോടെ അത് വേദനയ്ക്കിടയിലും സമൂഹത്തിന് നല്ലൊരു മാതൃകയായി.