തിരുവനന്തപുരം: സപ്ലൈകോയ്ക്കു പിന്നാലെ കണ്‍സ്യൂമര്‍ഫെഡും ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക്. ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടമായി തിരുവനന്തപുരത്തും, എറണാകുളത്തും, കോഴിക്കോടുമാണ് പദ്ധതി നടപ്പിലാക്കുക.
അവശ്യ സാധനങ്ങള്‍ അടങ്ങിയ നാല് തരം കിറ്റുകളാണ് ഓണ്‍ലൈന്‍ ആയി ലഭിക്കുക. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അതെ നിരക്കിലാണ് ഓണ്‍ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും. ഓഡര്‍ ചെയ്യുന്നതിന്റെ പിറ്റേ ദിവസം ഡോര്‍ ഡെലിവറി നടത്താന്‍ പാകത്തിനാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളത്തേയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തിരിച്ചാണ് ഡോര്‍ ഡെലിവറി നടത്തുക.
രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കും. ത്രിവേണികളില്‍ ലഭ്യമാകുന്ന എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നതിനും കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നു. അതെസമയം സപ്ലൈകോ ഇന്ന് മുതല്‍ ഓണ്‍ലൈന്‍ വ്യാപാരം ആരംഭിക്കും. ആദ്യഘട്ടത്തില്‍ കൊച്ചിയിലാകും പദ്ധതി നടപ്പാക്കുക. സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയിലാണ് ഭക്ഷ്യ സാധനങ്ങള്‍ എത്തിക്കുക.
രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും.
Discussion about this post