കൊവിഡ് 19; നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും.

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ മാര്‍ച്ച് 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അധികൃതര്‍ സബ് കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്ന മറുപടിയാണ് ലഭിച്ചത്.

സംസ്ഥാനം ഇത്രയും വലിയൊരു മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തര്‍പ്രദേശ് സ്വദേശിയാണ്.

Exit mobile version