ശബരിമല: ശബരിമലയിലെ പ്രതിഷേധങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്ന കുറവ് തൊഴിലാളികളേയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഭക്തരുടെ കുറവു സന്നിധാനത്തെ കൊപ്രാക്കളത്തേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അരവണപ്ലാന്റ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കേന്ദ്രമാണിത്. 350 തൊഴിലാളികളാണ് ഇവിടെയുള്ളത്. തിരക്കു കുറഞ്ഞതോടെ നാളികേരത്തിന്റെ അളവുകുറഞ്ഞതിനാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കരാറുകാരന്‍. അയ്യപ്പന്മാര്‍ പതിനെട്ടാംപടിക്കല്‍ അടിയ്ക്കുന്നതും മാളികപ്പുറത്ത് ഉരുട്ടുന്നതുമായ നാളികേരങ്ങള്‍ സംഭരിക്കാനുള്ള കുത്തകാവകാശം 6.75 കോടി രൂപയ്ക്കാണ് ഇത്തവണ ലേലത്തില്‍ പോയത്.
8 കങ്കാണിമാര്‍ക്ക് കീഴില്‍ 2 ഷിഫ്റ്റായിട്ടാണ് ജോലി. പുലര്‍ച്ചെ 3ന് തുടങ്ങുന്ന നാളികേര സംഭരണം രാത്രി 11ന് നടഅടച്ചാലും തീരില്ല. ദേവസ്വം ആവശ്യം കഴിഞ്ഞ് ശേഖരിക്കുന്ന നാളികേരം ചേരിലിട്ട് പുകകയറ്റി ചിരട്ടയില്‍ നിന്ന് ഇളക്കിയെടുക്കും.
അതിനു ശേഷം വെയിലത്തോ ഡ്രയറിലോ ഉണക്കിയാണ് കൊപ്രയാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2 ദിവസം ഇടവിട്ട് ഒരു ലോഡ് കൊപ്ര കയറ്റി അയയ്ക്കാന്‍ കഴിയുമായിരുന്നു. ഈ സീസണില്‍ ഇതേവരെ ഒരുലോഡു പോലും കയറ്റി അയക്കാനായിട്ടില്ല.
Discussion about this post