ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിലരെങ്കിലും പട്ടിണിയായിപ്പോയേക്കാം, ഇത് മുന്‍കൂട്ടി കണ്ടാണ് മുഖ്യമന്ത്രി കമ്യൂണിറ്റി കിച്ചണ്‍ പ്രഖ്യാപിച്ചത്, ഏതവസ്ഥയിലും നമ്മുടെ നാട്ടില്‍ ആരും ഒറ്റപ്പെട്ടു പൊയ്ക്കൂടാ; എം സ്വരാജ് എംഎല്‍എ

തൃശ്ശൂര്‍: തനിച്ച് താമസിക്കുന്നവര്‍ക്കും, സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാത്തവര്‍ക്കുമൊക്കെ ഭക്ഷണം എത്തിച്ച് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുകയാണെന്ന് എം സ്വരാജ് എംഎല്‍എ. സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ പട്ടിണിയാവാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് കമ്യൂണിറ്റി കിച്ചണ്‍.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചിലരെങ്കിലും പട്ടിണിയായിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഈ പ്രശ്‌നം മറികടക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചതെന്നും ഏതവസ്ഥയിലും നമ്മുടെ നാട്ടില്‍ ആരും ഒറ്റപ്പെട്ടു പൊയ്ക്കൂടാ എന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ ഭക്ഷണം പാചകം ചെയ്യാന്‍ നിവൃത്തിയില്ലാത്തവരും ഭക്ഷണം ലഭിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പ്രയാസപ്പെടുന്നവരും അതത് നമ്പറുകളില്‍ വിളിക്കണമെന്നും അവര്‍ക്ക് ആവശ്യമായ ഭക്ഷണം വീടുകളിലേക്ക് എത്തിച്ച് നല്‍കുമെന്നും എം സ്വരാജ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

കൊറോണ വൈറസില്‍ നിന്നും രക്ഷപ്പെടാനുള്ള വഴി ‘സാമൂഹിക അകലം’ പാലിക്കുക എന്നത് മാത്രമാണ് . അതിനായാണ് ആദ്യം സംസ്ഥാനത്തും പിന്നീട് രാജ്യമാകെയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് പൂര്‍ണമായി പാലിക്കണം. ഏപ്രില്‍ 14 വരെ എല്ലാവരും വീടിനകത്തു തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്ന ഓരോരുത്തരും സ്വന്തം ജീവനെയും മറ്റുള്ളവരുടെ ജീവനെയും അപകടത്തിലാക്കുന്നുവെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എല്ലാ ദുരന്തങ്ങളും അതിജീവിയ്ക്കാനുള്ളതാണ്. ..

എം. സ്വരാജ്.

ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് ലോകമാനവരാശിയിന്ന് അഭിമുഖീകരിയ്ക്കുന്നത്. നമ്മെക്കാള്‍ മികച്ച ആരോഗ്യപരിപാലന സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെട്ട ജീവിത നിലവാരവുമുള്ള സമ്പന്ന രാഷട്രങ്ങള്‍ Covid – 19 ന്റെ മുന്നില്‍ കാലിടറി വീഴുന്നതിന്റെ ദുരന്തക്കാഴ്ചയാണ് ലോകമെങ്ങും .
ലോകത്തിന്റെ
പല ഭാഗങ്ങളിലായി പതിനായിരക്കണക്കിന് മനുഷ്യര്‍ ഇതിനോടകം മരിച്ചു കഴിഞ്ഞു. നമ്മളെപ്പോലെ കഴിഞ്ഞ ദിവസം വരെ ജീവിച്ചവരാണവര്‍ …
അവരൊക്കെയും നമ്മുടെ അപരിചിതരായ സഹോദരങ്ങളത്രെ.

ഭയാനകമായ ഈ മഹാമാരിയെ അതിജീവിയ്ക്കാനുള്ള കഠിന പരിശ്രമത്തിലാണ് ലോക രാഷ്ട്രങ്ങള്‍. സാധ്യമായ ഏക മാര്‍ഗ്ഗം ‘സാമൂഹിക അകലം’ പാലിയ്ക്കുക എന്നത് മാത്രമാണ് . അതിനായാണ് ആദ്യം സംസ്ഥാനത്തും പിന്നീട് രാജ്യമാകെയും ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചത്. ഇത് പൂര്‍ണമായി പാലിയ്ക്കണം. ഏപ്രില്‍ 14 വരെ എല്ലാവരും വീടിനകത്തു തന്നെ കഴിയണം. അനാവശ്യമായി പുറത്തിറങ്ങുന്ന ഓരോരുത്തരും സ്വന്തം ജീവനെയും മറ്റുള്ളവരുടെ ജീവനെയും അപകടത്തിലാക്കുന്നുവെന്ന് തിരിച്ചറിയണം.

രാജ്യത്തിന് പുറത്തു നിന്നു വന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്നു് വന്നവരും നിരീക്ഷണത്തില്‍ കഴിയണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ലക്ഷങ്ങളുടെ ജീവനാശത്തിനു തന്നെ അതിടയാക്കും. ഏത് സാഹചര്യത്തിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയ്ക്കാന്‍ തയ്യാറാവണം. ഓരോരുത്തരും അവരവര്‍ക്കു വേണ്ടിയും ഒപ്പം മറ്റുള്ളവര്‍ക്കു വേണ്ടിയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ മതിയാവൂ.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചിലരെങ്കിലും പട്ടിണിയായിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഈ പ്രശ്‌നം മറികടക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ഏതവസ്ഥയിലും നമ്മുടെ നാട്ടില്‍ ആരും ഒറ്റപ്പെട്ടു പൊയ്ക്കൂടാ.

തൃപ്പൂണിത്തുറയില്‍ 878 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഗവ.ആയുര്‍വേദ കോളേജില്‍ കൊറോണ കെയര്‍ സെന്റര്‍ പ്രവര്‍ത്തിയ്ക്കുന്നു ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ താലൂക്ക് ആശുപത്രിയിലെ മുറികളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിയ്ക്കാനുള്ള കെട്ടിടങ്ങളും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലായി സജ്ജമാണ്.

തനിച്ച് താമസിയ്ക്കുന്നവര്‍ക്കും, സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ കഴിയാത്തവര്‍ക്കുമൊക്കെ ഭക്ഷണം എത്തിച്ച് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിയ്ക്കുകയാണ്.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ ഭക്ഷണം പാചകം ചെയ്യാന്‍ നിവൃത്തിയില്ലാത്തവരും ഭക്ഷണം ലഭിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പ്രയാസപ്പെടുന്നവരും താഴെപ്പറയുന്ന നമ്പറുകളില്‍ വിളിച്ചാല്‍ ഭക്ഷണം ലഭിയ്ക്കും. ഓരോ പഞ്ചായത്ത് / നഗരസഭാ പ്രദേശത്തുമുള്ളവര്‍ അതത് നമ്പറുകളിലേയ്ക്കാണ് വിളിയ്‌ക്കേണ്ടത്.

തൃപ്പൂണിത്തുറ നഗരസഭ – 9446029390

മരട് നഗരസഭ – 9349505008 ,
0484 2706544 .

കുമ്പളം ഗ്രാമപഞ്ചായത്ത് – 9961505430 .

ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് –
8590163837 .

കൊച്ചി കോര്‍പ്പറേഷന്‍ –
9809 250777 ,
903761 5129 ,
8848216244 .

വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സേവന രംഗത്ത് വരാന്‍ താല്‍പര്യം പ്രകടിപ്പിയ്ക്കുന്നുണ്ട്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായോ ആരോഗ്യ വകുപ്പ് അധികൃതരുമായോ ആശയ വിനിമയം നടത്തി , അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രം പ്രവര്‍ത്തിയ്ക്കുന്നതാണ് ഉചിതവും ഫലപ്രദവും.

നമുക്ക് ആത്മവിശ്വാസത്തോടെ, വര്‍ദ്ധിച്ച ജാഗ്രതയോടെ ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം … മറികടക്കാം .
എണ്ണമറ്റ ദുരന്തങ്ങളെ അതിജീവിച്ചു കൊണ്ടല്ലോ മനുഷ്യന്‍ ചരിത്രം രചിച്ചത്.

Exit mobile version