തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരും പട്ടിണി നേരിടരുതെന്നതിന്റെ അടിസ്ഥാനത്തില്‍ രൂപംനല്‍കിയ കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പദ്ധതി ഇന്നുതന്നെ പ്രാവര്‍ത്തികമാകുമെന്നും വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണമില്ലാത്ത അവസ്ഥയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കുന്നത് കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.
നിലവില്‍ 43 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു കഴിഞ്ഞു. 941 പഞ്ചായത്തില്‍ 861 പഞ്ചായത്തുകളും 87 മുനിസ്സിപ്പാലിറ്റികളില്‍ 87 ഉം സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ആറു കോര്‍പറേഷനുകളില്‍ 9 ഇടങ്ങളിലായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ ഇവിടെ ഭക്ഷണം വിതരണം ആരംഭിക്കും. ഭക്ഷണം വിതരണം ചെയ്യുന്നതിനായിപ്രാദേശിക വളണ്ടിയര്‍മാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്വഹിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
715 പഞ്ചായത്തുകള്‍ ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചു. 86,421 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്ത് ആകെ 15433 വാര്‍ഡ്തല സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രാമതലത്തില്‍ 2007 കെയര്‍ സെന്ററുകള്‍ക്കുളള സ്ഥലം കണ്ടെത്തി. നഗരപ്രദേശങ്ങളില്‍ 3482 വാര്‍ഡ് സമിതികളാണ് പ്രവര്‍ത്തിക്കുന്നതെന്നും നഗരങ്ങളില്‍ 16,765 വളണ്ടിയര്‍മാര്‍ രംഗത്തുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
Discussion about this post