തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേരില്‍ കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 126 ആയി. കണ്ണൂരില്‍ ഒന്‍പത് പേര്‍ മലപ്പുറം 3 പേര്‍ കാസര്‍കോട് 3 പേര്‍ തൃശ്ശൂര്‍ രണ്ട് പേര്‍ ഇടുക്കിയിലും വയനാട്ടിലും ഒരാള്‍ക്ക് വീതവുമാണ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ഭീഷണി എത്ര ശക്തമായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ കളമശ്ശേരിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന അഞ്ചു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിതാക്കളും ആശുപത്രി വിട്ടു. ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാര്‍ജ് ആയി. ഇനി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത് 15 പേരാണ്.പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആള്‍ക്ക് പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ 43 ഇടത്ത് തുടങ്ങി. 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോര്‍പ്പറേഷനുകളില്‍ ഒന്‍പതിടത്തായി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം ആരംഭിക്കും. പ്രാദേശിക വളന്റിയര്‍മാരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. 815 പഞ്ചായത്തുകളില്‍ ഹെല്‍പ് ഡയസ്‌ക് സജ്ജീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.