കൊച്ചി: കൊറോണ പേടിയില്‍ കഴിയുകയാണ് കേരളം. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതിനിടെ മഠത്തില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി മാതാ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി നല്‍കി.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം പാലിച്ചില്ലെന്നും മഠത്തില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ നല്‍കാതെ മാതാ അമൃതാനന്ദമയി മഠം മറച്ചുവെയ്ക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ആലപ്പാട് പഞ്ചായത്താണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
പരാതി കരുനാഗപ്പള്ളി എസിപിക്ക് കൈമാറി. അതേസമയം എല്ലാവരുടെയും വിവരങ്ങള്‍ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നെന്ന് മഠം അറിയിച്ചു. മഠത്തില്‍ കഴിഞ്ഞിരുന്ന വിദേശികളുടെ വിവരങ്ങള്‍ മറച്ചുവെച്ചിട്ടില്ലെന്നും അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മഠം വ്യക്തമാക്കി.