മാന്നാര്‍: 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കള്‍ ഉപേക്ഷിച്ച് ജീവിതത്തില്‍ തനിച്ചായ എലിസബത്തിന് ഇനി കൂട്ടായി ബേസിലുണ്ടാകും. ഓര്‍മ്മവെച്ച നാള് മുതല്‍ ബാലാശ്രമത്തില്‍ വളര്‍ന്ന എലിസബത്തിനെ ബേസിലിന്റെ സ്നേഹത്തണലിലേക്ക് കൈപ്പിടിച്ച് ഏല്‍പ്പിച്ചിരിക്കുകയാണ് വളര്‍ത്തി വലുതാക്കിയ ഐഡിസിഎഫ്.
മാന്നാര്‍ സെന്റ് ജോര്‍ജ് എക്യുമെനിക്കല്‍ ദൈവാലയത്തിലാണ് മാന്നാര്‍ ഇന്റര്‍ ഡിനോമിനേഷനന് ക്രിസ്ത്യന്‍ ഫെലോഷിപ്പിലെ (ഐഡിസിഎഫ്) ബാലാശ്രമത്തില്‍ വളര്‍ന്ന എലിസബത്തും(24) ഇടുക്കി രാജകുമാരി കുറ്റിപ്പുഴയില്‍ ബേസില്‍ ഫിലിപ്പുമായുള്ള വിവാഹം നടന്നത്. 22 വര്‍ഷം മുന്‍പാണു മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ മാന്നാര്‍ ഐഡിസിഎഫ് പ്രസിഡന്റ് ദൈവദാസന് ബാബു ഉപദേശിയും സിസ്റ്റര്‍ റെജി ഡാനിയേലും ചേര്‍ന്ന് ഏറ്റെടുത്തത്.
ഫാ. സാം ഏബ്രഹാം, ഫാ, മാത്യു തോക്കുപാറ, ഫാ. ഡോ. കെപി ജേക്കബ്, ഫാ. വര്‍ഗീസ് വാലയില്‍ എന്നിവര്‍ വിവാഹശുശ്രൂഷകള്ക്കു കാര്‍മികത്വം വഹിച്ചു. ബാബു ഉപദേശി, സിസ്റ്റര്‍ റെജി ഡാനിയേല്‍, സികെ തോമസ്, മാന്നാര്‍ ഗ്രാമപഞ്ചായത്തംഗം പിഎന്‍ ശെല്വരാജന്, പൊതുപ്രവര്ത്തകന് അനി വര്‍ഗീസ്, ഷാജി ശങ്കുപറമ്പില് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ആലപ്പുഴ ജില്ലാ ഓര്‍ഫനേജ് അസോസിയേഷന് പ്രസിഡന്റ് സുലൈമാന്‍ കുഞ്ഞ് മംഗളപത്രവും സമര്‍പ്പിച്ചു.
Discussion about this post