തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകള്‍ക്ക് രാത്രിയായാല്‍കൂടണയാന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാമത്തെ നിലയില്‍ കൂട് ഒരുക്കി സര്‍ക്കാര്‍. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയതാണെങ്കിലും കൂട് ഹൗസ് ഫുള്‍ ആണ്. നഗരത്തില്‍ അകപ്പെടുന്ന സ്ത്രീകള്‍ക്കും 10 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും ബന്ധുവീടെന്ന പോലെ ധൈര്യമായി കൂടണയാം.
കൂട് തുറന്ന അന്ന് മുതല്‍ എല്ലാ ദിവസവും മുപ്പതില്‍ കുറയാതെ സ്ത്രീകളും കുട്ടികളും താമസത്തിനായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പിഎസ്‌സി പരീക്ഷകള്‍,ഇന്റര്‍വ്യു എന്നിവയ്ക്കായി നഗരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥിനികള്‍, പോലീസുകാരുടെ നേതൃത്വത്തില്‍ എത്തുവര്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കായി എത്തുവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ് എന്റെ കൂട് എന്ന പദ്ദതി.
വൈകിട്ട് 5 മുതല്‍ 7 മണി വരെയാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ഒരേ സമയം 50 പേര്‍ക്കാണ് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ശിതീകരിച്ച മുറിയില്‍ ടെലിവിഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ശുചിമുറികളും അടുക്കളയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ടെര്‍മിനലിന്റെ എട്ടാമത്തെ നിലയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കൂടില്‍ സെക്യൂരിറ്റി സൗകര്യമില്ലാ എന്ന പരാതി മാത്രമാണ് നിലവില്‍ ഉള്ളത് .എന്നാല്‍ വരും ദിവസങ്ങളില്‍ അതിന് പരിഹാരം കാണുമെന്ന് സാമൂഹ്യ നീതി വകുപ്പ് അറിയിച്ചു.