തിരുവനന്തപുരം: മുഖ്യമന്ത്രി ദിവസവും ഒരുനേരം കൊറോണ പ്രതിസന്ധിയെ സംസ്ഥാനം എങ്ങനെ നേരിടുന്നു എന്ന് വിലയിരുത്താനും സർക്കാരിന്റെ നയങ്ങൾ അറിയിക്കാനും വിളിച്ചുകൂട്ടുന്ന വാർത്താസമ്മേളനത്തിനായി ഒരു ജനത ഒന്നാകെ കാത്തിരിക്കുന്നത് പതിവായിരിക്കുകയാണ്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു നീണ്ട ലോക്ക്ഡൗണും അസാധാരണമായ പ്രതിസന്ധിയും ഉടലെടുത്തിരിക്കുന്നത്. എന്നാൽ കേരളത്തിലെ ഓരോ ജനങ്ങളേയും ചേർത്തുപിടിച്ചാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ കരുതലിനേയും അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ ഒന്നാകെ. രാഷ്ട്രീയ വേലികൾക്ക് അപ്പുറത്താണ് മുഖ്യമന്ത്രിക്ക് ജനങ്ങൾ മനസിൽ നൽകിയ സ്ഥാനമെന്ന് സോഷ്യൽമീഡിയ സാക്ഷ്യപ്പെടുത്തുന്നു.
മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിമർശകർ പോലും അഭിനന്ദനവുമായി എത്തിയത് വലിയ ശ്രദ്ധ നേടുകയാണ്. ഇക്കൂട്ടത്തിൽ സുധീർ എൻഇയുടെ ഫേസ്ബുക്ക് പോസ്റ്റും വൈറലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കരുതലിന് നന്ദി പറയുന്നതാണ് ഈ പോസ്റ്റ്. മറ്റുള്ള സംസ്ഥാനങ്ങളിൽ ഉള്ളവരും ഇതുപോലൊരും മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നുണ്ടെന്ന് സുധീർ പറയുന്നു.
സുധീർ എൻഇയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കേവലം വാക്കുകളിൽ പറഞ്ഞു തീർക്കാവുന്ന നന്ദിയല്ല, താങ്കളോട് ഈ കൊച്ചു നാടിനുള്ളത്. കരുതലിന്റെ രാഷ്ട്രീയം എന്താണെന്ന് നിങ്ങൾ കാണിച്ചു തന്നു. അതിന്റെ പരിരക്ഷ അനുഭവിക്കുന്നത് ഈ കൊച്ചു കേരളത്തിലെ ജനങ്ങളാണെങ്കിലും ലോകം മുഴുവൻ ആദരവോടെ അത് നോക്കിക്കാണുന്നുണ്ട്. താങ്കളുടെ പല നിലപാടുകളോടും തീരുമാനങ്ങളോടും വിയോജിപ്പുകളുണ്ടായിരുന്നു.
ഇന്നിപ്പോൾ ഈ പ്രതിസന്ധി ഘട്ടത്തിൽ താങ്കൾ കാണിക്കുന്ന നേതൃപാഠവത്തിനും നയങ്ങൾക്കും കരുതലുകൾക്കും മുന്നിൽ അവയെല്ലാം അപ്രസ്കതങ്ങളാവുകയാണ്. ആ പരുക്കൻ സത്യസന്ധതയുടെ ഉള്ളിൽ സഹാനുഭൂതി നിറഞ്ഞിരിക്കുന്നത് ഈ നാട്ടിലെ മനുഷ്യർ അനുഭവിച്ചറിയുന്നു. ഇത്രയധികം വെല്ലുവിളികൾ നേരിടേണ്ടി വന്ന മറ്റൊരു ഭരണാധികാരി കേരള ചരിത്രത്തിൽ വെറെയില്ല. ഈ മഹാദുരന്തത്തെ ഉൾക്കൊള്ളാൻ സാധിച്ചത് ആ സഹാനുഭൂതി കൊണ്ടാണ്.
ആരുടെ ജീവിതത്തിനാണ് താൻ കാവൽ നിൽക്കുന്നത് എന്ന് താങ്കൾ തിരിച്ചറിയുന്നു. ആ കാവലിന്റെ പരിമിതികളെയും താങ്കൾ ഉൾക്കൊള്ളുന്നുണ്ട്. അപ്പോഴും അതിലപ്പുറമൊന്നും ആരും ആവശ്യപ്പെടാനിടയില്ല എന്ന് താങ്കൾ ഉറപ്പാക്കുന്നുണ്ട്. താങ്കൾ സഖാവായത് പുസ്തകം വായിച്ചല്ല; മറിച്ച് മനുഷ്യരെ വായിച്ചെടുത്താണ്. അത് മറന്ന സന്ദർഭങ്ങൾ താങ്കളുടെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് എനിക്ക് വേണമെങ്കിൽ തപ്പിയെടുത്ത് ഇവിടെ നിരത്താം.
എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ താങ്കൾ ആ ഓർമ്മയെ മുറുകെപ്പിടിക്കുന്നു.
അതാണ് സഖാവിന്റെ കരുത്തും വലുപ്പവും. നിലനില്പിനായി പൊരുതുന്ന കേരളത്തിലെ മനുഷ്യരോട് നിങ്ങളിപ്പോൾ കാണിക്കുന്ന ആത്മാർത്ഥത ഒന്നു മാത്രം മതി കാലം നിങ്ങളെ ഓർത്തുവെക്കാൻ.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ താങ്കളെപ്പോലൊരാൾ ഭരണാധികാരി ആയിരുന്നെങ്കിൽ എന്ന് ഇപ്പോൾ കൊതിക്കുന്നുണ്ട്. അതാണ് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ ആദരം. നമ്മളീ യുദ്ധത്തിൽ വിജയിക്കുമോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല. പൊരുതി തോറ്റവന്റെ ആനന്ദം ..അത് നമുക്കാവകാശപ്പെട്ടതാണ്. ലോകത്തെ മറ്റ് പല സമൂഹത്തിനും അതിനർഹതയില്ല.
ഈ പട നയിച്ചതിന് താങ്കളോട് കേരളം നന്ദിയുള്ളവരാണ്. രേഖപ്പെടുത്താൻ കഴിയാതെ വന്നാലോ … അതിനാലാണ് പാതി വഴിയിൽ ഇങ്ങനെയൊരു കുറിപ്പ്. എന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങൾ…
Discussion about this post