തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ജ്യോത്സ്യനെ കാണാനിറങ്ങിയ ആൾക്ക് മോശം സമയമാണെന്ന് തെളിയിച്ചുകൊടുത്ത് പോലീസ്. അനാവശ്യമായി പുറത്തിറങ്ങിയതിന് പോലീസ് വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇതോടെ ജ്യോത്സ്യനെ കാണാൻ പോകുകയാണെന്നായിരുന്നു ഇയാളുടെ പ്രതികരണം. സംഭവം വിശ്വാസത്തിലെടുക്കാതെ പോലീസ് ഇയാളെയും ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാഹനം വിട്ടുനൽകിയിട്ടില്ല. 21 ദിവസം കഴിഞ്ഞേ വണ്ടി നൽകുവെന്ന് പോലീസ് അറിയിച്ചു. വിലക്ക് മറികടന്ന് റോഡിലിറങ്ങിയവരെ തടഞ്ഞ് യാത്രാ ലക്ഷ്യം ചോദിക്കുമ്പോഴാണ് പലരും നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നതെന്ന് പോലീസ് പറയുന്നു. ജ്യോത്സ്യനെ കാണാൻ ഇറങ്ങിയതാണെന്നുള്ളതും കള്ളമാണെന്നാണ് പോലീസ് പറയുന്നത്. പലരും ഇത്തരത്തിൽ കള്ളം പറഞ്ഞും പോലീസിന്റെ കൈയ്യിൽ നിന്നും കണക്കിന് വാങ്ങിക്കൂട്ടുന്നുണ്ട്.
ജ്യോത്സ്യനെ കാണാനിറങ്ങിയ ആളെ പിടികൂടി വീട് എവിടെയാണെന്നും എങ്ങോട്ട് പോകുകയാണെന്നും കാട്ടാക്കട സിഐയാണ് ചോദിച്ചത്. ഇതോടെ, സമയം മോശമാണ് അത് നോക്കാൻ പോകുകയാണെന്നായിരുന്നു മറുപടി. പൂവച്ചലിൽ നിന്ന് വരികയാണെന്നും മലയിൻകീഴിലേക്ക് പോയി ജ്യോത്സ്യനെ കാണണമെന്നും യാത്രക്കാരൻ പറഞ്ഞു. എന്നാൽ ഞാനും വരാമെന്ന് സിഐ പറയുകയായിരുന്നു. കുടുങ്ങിയെന്ന് മനസ്സിലായതോടെ താൻ ചുമ്മാ പറഞ്ഞതാണെന്ന് ബൈക്കിലെത്തിയ ആൾ വ്യക്തമാക്കി. ഇതോടെ അനാവശ്യമായി റോഡിലിറങ്ങിയതിന് കേസെടുത്തു. വണ്ടിയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post