പുതുക്കാട്: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തും വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെരുവഴിയില്‍പ്പെട്ടുപോയ വയോധികയ്ക്ക് താങ്ങായിരിക്കുകയാണ് കേരളാ പോലീസ്. പുതുക്കാട് ആണ് സംഭവം.
കൊറോണയെന്ന് സംശയിച്ച് വീട്ടില്‍ ജോലിക്ക് നിന്ന 60കാരിയായ വീട്ടുജോലിക്കാരിയെ വീട്ടുകാര്‍ ഇറക്കിവിടുകയായിരുന്നു. പൊന്നാനിയില്‍ വീട്ടു ജോലിക്കുനിന്ന കൊല്ലം സ്വദേശിയായ 60 കാരിയെയാണ് രോഗബാധയുണ്ടെന്ന് പറഞ്ഞ് വീട്ടുകാര്‍ ഇറക്കിവിട്ടത്. ഏജന്‍സി മുഖേനയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഇവരെ വീട്ടുകാര്‍ ബുധനാഴ്ച പുലര്‍ച്ചെ കാറില്‍കൊണ്ടുവന്ന് തൃശ്ശൂരില്‍ ഇറക്കിവിട്ടു.
ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ വലഞ്ഞ ഇവര്‍ എങ്ങോട്ടെന്നില്ലാതെ ദേശീയപാതയിലൂടെ നടക്കുകയായിരുന്നു. ശേഷം വിശന്ന് തളര്‍ന്ന് വഴിയോരത്ത് ഇരുന്ന വയോധികയ്ക്ക് പുതുക്കാട് പോലീസ് സുരക്ഷയൊരുക്കുകയായിരുന്നു. പത്ത് കിലോമീറ്ററിലേറെ നടന്ന് അവശയായ ഇവര്‍ ആമ്പല്ലൂരില്‍ വഴിയരികില്‍ ഇരിക്കുന്നതുകണ്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പുതുക്കാട് എസ്എച്ച്ഒ എസ്പി സുധീരന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഭക്ഷണം വാങ്ങികൊടുത്തശേഷം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
പരിശോധനയില്‍ പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇവര്‍ക്ക് ഇല്ല. ഇവരെ കിലയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ ആംബുലന്‍സുമായെത്തിയാണ് ഇവരെ കൊണ്ടുപോയത്. സ്വന്തമായി വീടില്ലെന്നും വര്‍ഷങ്ങളായി പൊന്നാനിയില്‍ പലവീടുകളിലായി ജോലി ചെയ്യുകയാണെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ ഇവരെ ഇറക്കിവിട്ട വീട്ടുകാരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.