തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചത് സാമൂഹിക വിപത്താകുമോയെന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിഷയം വലിയ സാമൂഹിക പ്രശ്‌നമായി മാറുമോ എന്ന ഭയാശങ്കയാണ് ആരോഗ്യ പ്രവര്‍ത്തകരും ഉന്നയിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യം ലഭിക്കാത്തത് കൊവിഡിനേക്കാള്‍ വലിയ പ്രശ്‌നമാകുമോ എന്നാണ് ആശങ്കയുള്ളത്. മദ്യഷാപ്പുകള്‍ അടച്ചത് പുതിയ പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് അവലോകന യോഗത്തില്‍ ബോധ്യപ്പെട്ടത്. പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ഥിരം മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെ വരുമ്പോഴുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊവിഡിനേക്കാള്‍ വലിയ സാമൂഹിക പ്രശ്‌നമായി മാറിയേക്കാം എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. ഈ ഭയാശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതാനും പേരെ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്ക് മാറ്റി. വളരെ ഗൗരവമേറിയ പ്രശ്‌നാണ് ഇതെന്നാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.
അതെസമയം ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്‌കോ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.