പോലീസിനെ നേരിടാന്‍ ആര്‍എസ്എസ് പരിശീലനം ലഭിച്ചവരെ രംഗത്തിറക്കും, ക്ഷേത്രങ്ങളിലെ നടവരവ് കുറയ്ക്കുകയെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; ശോഭ സുരേന്ദ്രന്‍

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കണ്ണൂര്‍: പോലീസിനെ നേരിടാന്‍ ആര്‍എസ്എസ് പരിശീലനം ലഭിച്ചവരെ ഇറക്കി ശബരിമലയിലെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ക്ഷേത്രങ്ങളില്‍ നടവരവ് കുറക്കുകയെന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രത്തിലും പണമിടരുതെന്ന് ഭക്തര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ‘ഒരു ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ഇനി പൈസ നിക്ഷേപിക്കരുത് എന്ന് ഞങ്ങള്‍ ഭക്ത വിശ്വാസികളോട് അപേക്ഷിക്കുകയാണ്. അഭ്യര്‍ത്ഥിക്കുകയാണ്. കാരണമെന്താണെന്ന് അറിയുമോ, ഈ കോടാനുകോടി രൂപ വരുമ്പോള്‍ ഒരു നീതി പൂര്‍വ്വകമായ സമീപനം ഈ പൈസ കൊണ്ടുവന്നിടുന്ന ഭക്തരോട് ഇല്ല എങ്കില്‍ ആ ഗവണ്‍മെന്റിനെ കണ്ണു തുറപ്പിക്കാന്‍ ഇത് വളരെ ആവശ്യമായിട്ടുള്ള ഒരു നടപടി ക്രമമായിട്ടാണ് ഞങ്ങള്‍ കണക്കാക്കുന്നത്.

അതിനിടെ ശബരിമലയിലേക്ക് കൂടുതല്‍ എംപിമാരെയും എംഎല്‍എമാരെയും എത്തിക്കുകയെന്ന ബിജെപിയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാക്കളെ ഇന്ന് സന്നിധാനത്തെത്തിച്ചിട്ടുണ്ട്. ഇവരിപ്പോള്‍ വലിയ നടപ്പന്തലിനു സമീപം എത്തിയിട്ടുണ്ട്. കര്‍ണാടകയിലെ മുന്‍ നിയമമന്ത്രിയും എംഎല്‍എയുമായ സുരേഷ് കുമാര്‍, ബാംഗ്ലൂര്‍ സിറ്റിയില്‍ നിന്നുള്ള എംപി പി.മോഹന്‍ എന്നിവരാണ് വലിയ നടപ്പന്തലില്‍ എത്തിയിട്ടുള്ളത്.

Exit mobile version