തിരുവനന്തപുരം: മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്കരമെന്ന് റിപ്പോര്‍ട്ട്. ദുബായില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തിന് വിധേയനാകുന്നത്. ഈ എട്ട് ദിവസങ്ങളില്‍ ഇയാള്‍ പോകാത്ത സ്ഥലങ്ങളില്ല എന്നതാണ് സ്ഥിതി നിര്‍ണ്ണായകമാകുന്നത്.
അതിനിടെ ഇയാളുടെ മകന് കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. കൊവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ട ഇയാള്‍ ദീര്‍ഘ ദൂര ബസ്സുകളില്‍ രണ്ട് ദിവസം ഡ്യൂട്ടിയെടുത്തിട്ടുണ്ട്. മാര്‍ച്ച് 17ന് ഇദ്ദേഹം മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂരിലേക്കും മാര്‍ച്ച് 18ന് പാലക്കാട്-തിരുവനന്തപുരം റൂട്ടിലും ഡ്യൂട്ടിയെടുത്തു. ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതെസമയം ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസി ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച് 13നാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കാതെ ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലത്തും ഇയാള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പിന്നാലെ 21 നാണ് ഇയാള്‍ നിരീക്ഷണത്തിലേക്ക് മാറിയത്.
Discussion about this post