പാലക്കാട്: വിദേശത്ത് നിന്നെത്തിയ കൊറോണ ബാധിതൻ പാലക്കാട് ജില്ലയിലാകെ കറങ്ങി നടന്നത് ആരോഗ്യപ്രവർത്തകർക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. ദുബായിൽ നിന്നെത്തിയതിന് പിന്നാലെ ക്വാറന്റൈൻ നിർദേശിച്ചിട്ടും അനുസരിക്കാതെ പാലക്കാട് സ്വദേശിയായ ഇയാൾ ബസിലുൾപ്പടെ നിരവധി യാത്രകളും നടത്തിയിരുന്നു.
ഇയാൾ എത്രപേർക്ക് രോഗം പകർന്നു നൽകിയെന്ന് കണ്ടെത്തുന്നത് ഭഗീരഥ പ്രയത്നം ആയിരിക്കും. ഇയാളുടെ സഞ്ചാരപാത തയാറാക്കുന്നത് ദുഷ്കരമാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ദുബായിയിൽ നിന്ന് മാർച്ച് 13നാണ് ഇയാൾ നാട്ടിലെത്തിയത്. 21നാണു നിരീക്ഷണത്തിലാക്കിയത്.
പക്ഷേ രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ചയായിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ഇയാളുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കാൻ തന്നെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. രോഗിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 51 വയസ്സുകാരൻ ഉംറ തീർത്ഥാടനത്തിനു ശേഷമാണു കേരളത്തിലെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി മണ്ണാർക്കാട്ടേക്കു വരികയായിരുന്നു. അവിടെയെത്തി 13ന് ശേഷം പല സ്ഥലങ്ങളിലും ബസിൽ പോയി. ബാങ്കുകൾ, യത്തീംഖാന, പള്ളി എന്നിവിടങ്ങളിൽ പോയി. ജനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ ഇയാളെ കണ്ടെത്തിയത്. ഇയാൾ സ്വമേധയാ ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.
അതേസമയം, സംസ്ഥാന അതിർത്തി കൂടിയായ പാലക്കാട് ജില്ലയിൽ 3 പേർക്കു കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്നു മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. മണ്ണാർക്കാട് മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലാണ്. പട്ടാമ്പിയിൽ നിലവിൽ നടപടികൾ കർശനമാണ്.
Discussion about this post