തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക വ്യാപനമെന്ന വാള്‍ ഇതുവരെ കേരളത്തിന്റെ ദേഹത്ത് പതിഞ്ഞിട്ടില്ലെന്നും തലയ്ക്ക് മീതെ നില്‍ക്കുന്നുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറയുന്നു. വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇപ്പോഴും സംസ്ഥാനത്ത് സാമൂഹിക വ്യാപനം വന്നിട്ടില്ലെന്ന് വ്യക്തമാക്കിയത്.
‘സാമൂഹ്യവ്യാപനം എന്ന വാള്‍ നമ്മുടെ തലക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം. ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല, നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ഈ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. ഇത് കുറ്റമറ്റരീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ലാവരും വീട്ടിനുള്ളില്‍ കഴിയണമെന്നകാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു’, മുഖ്യമന്ത്രി പറയുന്നു.
രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനം കടുത്ത ആശങ്കയിലാണ്. 21 ദിവസം വീട്ടില്‍ തന്നെ ഇരിക്കുന്നതും ഒപ്പം ഭക്ഷണം മറ്റ് ആവശ്യങ്ങള്‍ എന്നിവയെല്ലാം കടുത്ത വെല്ലുവിളിയാണെന്ന് ജനം മനസില്‍ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അവിടെയും സംസ്ഥാന സര്‍ക്കാര്‍ സഹായ ഹസ്തവുമായി എത്തുന്നുണ്ട്. 15 കിലോ അരി ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. റേഷന്‍ കടയിലൂടെ വിതരണം ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ആള്‍ക്കൂട്ടം മുന്‍പില്‍ കണ്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
അതോടൊപ്പം ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റും ബുദ്ധിമുട്ടേറുകയാണെങ്കില്‍ എത്തിക്കാന്‍ ഡിവൈഎഫ്‌ഐയും സജീവമായി രംഗത്തുണ്ട്. ഇതിനോടകം പലരും സന്നദ്ധത അറിയിച്ച് രംഗത്തെത്തി കഴിഞ്ഞു. ഈ കൂട്ടായ്മയും ഒത്തുച്ചേരലിലും കേരളം നേരിടുന്ന ലോകം കണ്ട മഹാമാരിയില്‍ നിന്നും കരകയറും എന്നതില്‍ സംശയമില്ല.