തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് കൊയ്ത്തിനെ അവശ്യ സര്‍വീസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം ജില്ലകളില്‍ ഇപ്പോള്‍ കൊയ്ത്തിന്റെ കാലമാണ്. മഴപെയ്താന്‍ വന്‍ നാശമാണ് ഉണ്ടാവുക. അതുകൊണ്ട് കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം എല്ലായിടങ്ങളിലും കൊയ്ത്ത് മെഷീന്‍ വഴിയാക്കണമെന്നും ഇക്കാര്യങ്ങള്‍ ജില്ലാ കലക്ടര്‍ ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഷീന്‍ വഴിയാണ് കൊയ്ത്ത് നടക്കുന്നതെന്ന് ഉറപ്പുവരുത്തി ആവശ്യമായ ഏകോപനങ്ങള്‍ ജില്ലാഭരണാധികാരി ഉണ്ടാക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊയ്ത്തിനൊപ്പം തന്നെ സംസ്ഥാനത്ത് നെല്ല് സംഭരണവും കാര്യക്ഷമമായി നടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിന് ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കാന്‍ ഉള്ള ഉത്തരവാദിത്വം ജില്ലാ കളക്ടര്‍മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. മില്ലുകള്‍ നെല്ല് സംഭരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രാദേശികമായി നെല്ല് സംഭരിക്കണമെന്നും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഇതിന് മുന്‍കൈയെടുക്കണമെന്നും അത്തരത്തില്‍ നെല്ല് സൂക്ഷിക്കാനുള്ള ഇടങ്ങള്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.