തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം.
നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. ഒഴിച്ചൂകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ വീടിനകത്ത് കഴിയാനാണ് നിര്‍ദേശം അത് പാലിക്കപ്പെടണം. പാലിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് പലതരത്തിലാണ് വരികയെന്നും അദ്ദേഹം സ്വരംകടുപ്പിച്ച് മുന്നറിയിപ്പ് നല്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പോലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പോലീസ് അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യായമായ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. ഒഴിച്ചൂകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ.
സാധാരണ ഗതിയിലുളള സൗഹൃദ സന്ദര്‍ശനങ്ങള്‍, മാറ്റിവെക്കാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ണമായി നടപ്പാക്കല്‍ ജില്ലാ പോലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരത്തില്‍ ഇടപെടാന്‍ പോലീസിന് സാധിക്കണം. ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കളക്ടര്‍ അടക്കുമുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ ധാരണയോടെ കൈകാര്യം ചെയ്യണം. പ്രളയകാലത്ത് വീട്ടില്‍ നിന്ന് പുറത്തുവരാന്‍ പറഞ്ഞ നിര്‍ദേശം ലംഘിച്ചവര്‍ വലിയ പ്രത്യാഘാതങ്ങളാണ് നേരിട്ടത്. ഇപ്പോള്‍ വീടിനകത്ത് കഴിയാനാണ് നിര്‍ദേശം അത് പാലിക്കപ്പെടണം. പാലിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് പലതരത്തിലാണ് വരിക.
അവശ്യ സേവനങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരുണ്ട്. അവര്‍ക്ക് ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ജില്ലാ ഭരണസംവിധാനം താല്‍ക്കാലിക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കണം. ഇതിന് ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡുകള്‍ നല്കുന്ന സംവിധാനം ഒരുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post