പത്തനംതിട്ട: രാജ്യത്തൊട്ടാകെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പണിയായത് പോലീസിന്. സർക്കാർ നിർദേശങ്ങൾ ലംഘിച്ച് നിരവധി പോർ പുറത്തിറങ്ങിയതോടെ നിയമപാലനത്തിനായി പോലീസിനും കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വന്നിരിക്കുകയാണ്.
അടൂരിൽ നിർദേശം ലംഘിച്ച് ശവസംസ്‌കാര ചടങ്ങിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച പള്ളി വികാരി അറസ്റ്റിൽ. അടൂരിനടുത്ത് ഏനാത്താണ് സംഭവം. വികാരിക്ക് പുറമെ പള്ളി സെക്രട്ടറിയെയും ട്രസ്റ്റിയെയും പോലീസ് അറസ്റ്റ് ചെയ്തു. തുവയൂർ സെന്റ് പീറ്റേഴ്‌സ് പളളി വികാരി റജി യോഹന്നാൻ, ട്രസ്റ്റി സുരാജ്, സെക്രട്ടറി മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങളിൽ പരിധിയിൽ അധികം ആളുകൾ പങ്കെടുത്തതിനാണ് നടപടി.
അതേസമയം, പെരുമ്പാവൂർ ചെമ്പറക്കിയിൽ ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കൾ വാഹനം തടഞ്ഞ പോലീസുകാരെ മർദ്ദിച്ചു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരങ്ങളാണ് പിടിയിലായത്. വാഹനം തടഞ്ഞതിനെ തുടർന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതിന് ഇരുവർക്കുമെതിരെ തടിയിട്ടപറമ്പ് പോലീസാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്തു.
ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വർക്കല പോലീസാണ് കേസെടുത്തത്. മലപ്പുറം ചേലേമ്പ്രയിൽ കഞ്ചാവ് പാക്കറ്റുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കുംക്കടവ് സ്വദേശികളായ ഫൈസൽ, സൈനുദ്ദീൻ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
നിരോധനാജ്ഞ നിലവിലുള്ള തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്. ഈ സാഹചര്യത്തലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. കണ്ണൂരിൽ 90 പേരെയും, എറണാകുളത്ത് 30 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നിർദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയ്തത്.
Discussion about this post