മലപ്പുറം: പൂട്ടിക്കിടന്ന സ്വന്തം ആശുപത്രി കൊറോണ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി വിട്ട് കൊടുത്ത് മലപ്പുറം സ്വദേശി നിയാസ് പുളിക്കല്‍. മലപ്പുറത്ത് കൊറോണ രോഗികളെ കിടത്തി ചികില്‍സിക്കാന്‍ തന്റെ അധീനതയിലുള്ള കാളിക്കാവിലെ സഫ ഹൈടെക് ഹോസ്പിറ്റലാണ് വാടകയില്ലാതെ തീര്‍ത്തും സൗജന്യമായാണ് നിയാസ് സര്‍ക്കാരിന് വിട്ട് കൊടുത്തത്. പരപ്പനങ്ങാടി സ്വദേശിയും, സിഡ്‌കോ ചെയര്‍മാനും, കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായിരുന്നു നിയാസ് പുളിക്കലകത്ത്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പൂട്ടിക്കിടന്നിരുന്ന സഫ ഹോസ്പിറ്റല്‍ മലപ്പുറത്തുകാര്‍ക്കായി അടിയന്തിരമായാണ് പ്രവര്‍ത്തനക്ഷമമാക്കിയെടുത്തത്. ആശുപത്രി അടുത്ത വര്‍ഷം പുനരാരംഭിക്കാനുള്ള നടപടികള്‍ക്കിടെയാണ് ഇപ്പോള്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ ഹോസ്പിറ്റല്‍ നിയാസ് സര്‍ക്കാറിന് വിട്ടുനില്‍കിയിരിക്കുന്നത്.
സംഭവത്തില്‍ നിയാസ് പുളിക്കലകത്തിനെ അഭിനന്ദിച്ചും നന്ദിയറിയിച്ചും നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വരുന്നത്. 160 രോഗികളെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളാണ് ആശുപത്രിയിലുള്ളത്. നൂറിനടുത്ത് റൂമുകളും ഇരുനൂറ് ബെഡുകളും ഉണ്ട്. കഴിഞ്ഞ പ്രളയ സമയത്ത് നിലമ്പൂരില്‍ സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക് 35 സെന്റ് ഭൂമി സൗജന്യമായി നല്‍കിയും നിയാസ് പുളിക്കലകത്ത് ശ്രദ്ധ നേടിയിരുന്നു. കൂടാതെ രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യവുമാണ് അദ്ദേഹം.