തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വില്‍പ്പന സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സംസ്ഥാനത്തെ മദ്യശാലകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗണിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്നും, ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനുവരി 30 വരെ കുടിശ്ശിഖ ഇല്ലാത്തവര്‍ക്ക് മാത്രമേ മൊറട്ടോറിയം ആനുകൂല്യം കിട്ടുകയുള്ളു എന്ന നിബന്ധന ഒഴിവാക്കണം. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്ക്കും സഹായം നല്‍കണം. സാധാരണക്കാര്‍ക്ക് അടിയന്തര ധനസഹായമായി 1000 രൂപ നല്‍കണം. നെല്ല് സംഭരണത്തിലെ ആശങ്ക പരിഹരിക്കണം. ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്‍ധന നീട്ടിവെക്കണം. സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണങ്ങള്‍ തടയണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള നടപടി ക്രൂരമാണ്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ശ്രീറാമിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post