തിരുവനന്തപുരം: ഇന്ന് മാത്രം സംസ്ഥാനത്ത് 14 പുതിയ കൊറോണ കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ ലോക്ക്ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസർവീസുകൾ ഉറപ്പ് വരുത്തുന്നതിനുള്ള കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ. വിനോദത്തിനും ആർഭാട വസ്തുക്കൾക്കും വേണ്ടിയുള്ള കടകൾ തുറക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ആളുകളുടെ അത്യാവശ്യത്തിനായാണ് കടകൾ തുറക്കുന്നത്. അല്ലാതെ ആഡംബരത്തിനും ആഘോഷത്തിനുമല്ല. സാധനങ്ങൾ വാങ്ങാൻ കടയിൽ വരുന്നവർ എത്രയും പെട്ടെന്ന് സാധനം വാങ്ങി മടങ്ങിപ്പോകണം. അനാവശ്യമായി അവിടെ കിടന്ന് കറങ്ങരുത്. ആളുകളുമായി നിശ്ചിത അകലം പാലിക്കണം. കടകളിലെത്തി ആവശ്യമായ സുരക്ഷാക്രമീകരണങ്ങളോടെ സാധനം വാങ്ങി ഉടൻ തിരിച്ചുപോകണം. കടകളിൽ ആവശ്യത്തിൽ കൂടുതൽ സമയം തങ്ങിനിൽക്കരുത്. കടകളിൽ ഹാൻഡ് സാനിറ്റൈസർ അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണം. ഈ സാഹചര്യം മുതലെടുക്കാം എന്ന് വ്യാപാരികൾ കരുതരുത്. സാധനങ്ങളുടെ വില കൂട്ടുകയോ സാധനങ്ങൾ പൂഴ്ത്തി വയ്ക്കുകയോ ചെയ്താൽ കർശന നടപടിയുണ്ടാവും. ഈ ഒരു പ്രവണത ചില കോണുകളില്ലെങ്കിലും ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാൻ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തും. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാവും.
ഡിപ്പാർട്ട്മെന്റ് സ്റ്റോർ, സൂപ്പർമാർക്കറ്റ്, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യവസ്തുക്കൾ പാൽ, ബ്രെഡ്, പച്ചക്കറി, മീൻ,മുട്ട, കോഴി, കന്നുകാലി തീറ്റ, ബേക്കറികൾ, എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മണിമുതൽ വൈകിട്ട് 5 മണിവരെ തുറന്നുപ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post