മലപ്പുറം: വിദേശത്തു നിന്ന് എത്തിയവർക്ക് ഏർപ്പെടുത്തിയ വീട്ടുനിരീക്ഷണം ലംഘിക്കപ്പെടുന്നത് പോലീസിന് തലവേദനയാകുന്നു. കഴിഞ്ഞദിവസം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസിന്റേയും ആരോഗ്യപ്രവർത്തകരുടേയും നിർദേശം മറികടന്ന് ഓഫീസ് തുറന്ന പ്രവാസിയെ ഒടുവിൽ പിടിച്ചുകൊണ്ടു പോവുകയായിരുന്നു. ഇയാൾക്ക് വീട്ടുനിരീക്ഷണം നിർദേശിച്ചാണ് വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് അയച്ചിരുന്നത്. എന്നാൽ വിദേശത്ത് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന പ്രവാസി വീട്ടുനിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാകാതെ സ്വന്തം ഓഫീസിലേക്ക് എത്തുകയായിരുന്നു.
വിദേശത്ത് നിന്നെത്തിയവർ ഉൾപ്പടെയുള്ളവർ നിരീക്ഷണവലയം മറികടന്ന് പൊതു ഇടത്തിൽ സഞ്ചരിച്ചാൽ ജയിലിടയ്ക്കുമെന്ന് പോലും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നിട്ടും നിർദേശം ലംഘിച്ചാണ് പ്രവാസി എട്ടിന്റെ പണി വാങ്ങിയിരിക്കുന്നത്.
യുഎഇയിൽ നിന്നെത്തിയ അക്കൗണ്ടന്റാണ് സ്വന്തം ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ചത്. തുടർന്ന് ഈ വിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ഇയാളെ ആംബുലൻസുമായെത്തിയ പോലീസ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്ത് ഐസലോഷനിലാക്കിയത്. ഇയാൾക്കെതിരെ കേസെടുത്തെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക മാധ്യമമായ വള്ളുവനാട് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യുഎയിൽ നിന്ന് ഈ മാസം 12-ാം തീയതിയാണ് മലപ്പുറത്തെത്തിയ അക്കൗണ്ടന്റ് പെരിന്തൽമണ്ണയിലുള്ള ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ചത്. ടാക്‌സേഷൻ സെന്റർ എന്ന പേരിലെ സ്ഥാപനം പെരിന്തൽമണ്ണയിലാണ് പ്രവർത്തിക്കുന്നത്. തൊട്ടടുത്ത പഞ്ചായത്തിലാണ് ഇയാൾ താമസിക്കുന്നത്. വിദേശത്ത് നിന്ന് വന്നതിനാൽ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതായി പോലീസിന് പരാതി ലഭിച്ചു. ഇതേ തുടർന്ന് പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. വിദേശത്ത് നിന്നെത്തിയ ഇയാൾ ഹോം ക്വാറന്റൈൻ ലംഘിച്ചെന്ന് കണ്ടെത്തിയതോടെ ആംബുലൻസ് എത്തിച്ച് അറസ്റ്റ് ചെയ്ത് ഐസൊലേഷനിലാക്കുകയായിരുന്നു. പകർച്ച വ്യാധി പടർത്തുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. അതേസമയം നിരവധി പേർ ഇയാളെ കാണാനായി ഓഫീസിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരെ ഐസൊലേഷനിലാക്കിയെന്ന് വള്ളുവനാട് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.