കണ്ണൂർ: സംസ്ഥാനത്ത് ഒട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിലും നിരത്തിലിറങ്ങി പോലീസിന് പണിയുണ്ടാക്കി നാട്ടുകാർ. പൊതുജന സമ്പർക്കം പരമാവധി കുറയ്ക്കാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെ ജനങ്ങൾ പുറത്തിറങ്ങിയതോടെ ഇവരെ തിരിച്ചോടിക്കാൻ പോലീസ് രംഗത്തെത്തുകയായിരുന്നു.
ഇരുചക്രവാഹനങ്ങളിലും കാൽനടയുമായാണ് കൂടുതൽ ആളുകളും ഇന്നു പുറത്തിറങ്ങിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അനാവശ്യമായി നിരത്തിലിറങ്ങിയ ഇത്തരം ആളുകളെ പോലീസ് തുരത്തിയോടിച്ചു. അവശ്യവസ്തുകൾക്കും സേവനങ്ങൾക്കുമായി റോഡിലിറങ്ങിയവരെ പോലീസ് ഇന്നു തടഞ്ഞില്ലെങ്കിലും അനാവശ്യമായി റോഡിലിക്ക് ഇറങ്ങിയ നൂറുകണക്കിനാളുകൾ കാരണം വലഞ്ഞത് പോലീസാണ്.
കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. സമ്പൂർണമായി അടച്ചിട്ട കാസർകോട് ജില്ലയിൽ അനാവശ്യമായി നിരത്തിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു.
ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യം കർശനമായി നേരിടുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. ഉച്ചക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും യാത്രക്കാർക്കെതിരെ പെറ്റികേസ് ചുമത്തി പോലീസ് വാഹനത്തിൽ വീടുകളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post