തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയത് റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ചു. വാമനപുരം പഞ്ചായത്തിലെ ആശാവര്‍ക്കര്‍ ലിസി (37)നെയാണ് ആക്രമിച്ചത്. സംഭവത്തില്‍ പ്രതിയായ വിഷ്ണു(27)വിനെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പൂവത്തൂര്‍ സ്വദേശികളാണ് ഇരുവരും.
നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച ഇയാള്‍ ഇവയെല്ലാം പാടെ നിഷേധിച്ച് പുറത്തിറങ്ങി നടക്കുകയായിരുന്നു. ഇക്കാര്യം അരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നുസംഭവം. ലിസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ വിഷ്ണു അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. താന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതെന്തിനെന്ന് ചോദിച്ചായിരുന്നു ആക്രമണം.
ലിസിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ചാണ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മുഖത്തും ചെവിയിലും തലയിലും ഇയാള്‍ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്തു. പത്ത് മിനിറ്റോളമാണ് മര്‍ദ്ദനം തുടര്‍ന്നത്. ലിസിയുടെയും മകളുടെയും നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ലിസിയെ വാമനപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ 9നാണ് വിഷ്ണു നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ അനുസരിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വിഷ്ണുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് പോലീസ് അറിയിച്ചു.