തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വരാനിരിക്കുന്നത് നിര്‍ണ്ണായക ദിനങ്ങളെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് തെല്ലും കൂസലില്ലാതെ പുറത്തിറങ്ങുകയാണ് ജനം. വൈറസ് വ്യാപനം കുറയ്ക്കാന്‍ സര്‍ക്കാരും അധികൃതരും പരിശ്രമിക്കുമ്പോഴാണ് ജനത്തിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാനത്ത് മിക്കയിടങ്ങളിലുമാണ് വിലക്ക് ലംഘിച്ച് ജനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങുന്നത്. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ മുഖംനോക്കാതെയാണ് പോലീസ് കര്‍ശന നടപടി സ്വീകരിക്കുന്നത്.
ആലപ്പുഴയിലെ നിരത്തുകള്‍ സാധാരണ ദിവസങ്ങളിലെന്ന പോലെ തിരക്കനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലെയും അവസ്ഥ ഇതുതന്നെയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈറസ് വ്യാപിക്കുന്ന കാസര്‍കോട് മാത്രമാണ് വലിയൊരളവില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ തങ്ങാന്‍ തയ്യാറാകുന്നത്. വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പോലീസ് തിരിച്ചയയ്ക്കുകയാണ്.
Discussion about this post