തിരുവനന്തപുരം: കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജനം പുറത്തിറങ്ങുന്ന നടപടിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്. അടുത്ത 14 ദിവസം കേരളത്തിന് നിര്‍ണ്ണായകമാണെന്നും, ഇനി ഉപദേശമില്ല, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേവലമായ അഭ്യര്‍ത്ഥന മാത്രമല്ല കര്‍ശനമായി നടപടി വേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍;
കേവലമായ അഭ്യര്‍ത്ഥന മാത്രമല്ല കര്‍ശനമായി നടപടി വേണ്ടിവരും. ഇപ്പോള്‍ കാസര്‍കോട്ട് മാത്രമാണ് വളരെ കര്‍ശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിന് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും. വിദേശത്ത് നിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികള്‍ക്കും മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അത് നമ്മെ സംബന്ധിച്ച് വളരെ വലിയ കാര്യം തന്നെയാണ്.
സര്‍ക്കാരിന്റെ എല്ലാ നടപടികളോടും ജനങ്ങള്‍ സഹകരിക്കുക തന്നെ ചെയ്യണം. അന്യായമായ കൂട്ടം ചേരലുകള്‍ എല്ലാം ഒഴിവാക്കണം. എവിടെയെങ്കിലും അങ്ങനെ ഉണ്ടെങ്കില്‍ അറിയിക്കണം. കര്‍ശനമായ നടപടി എടുക്കുക തന്നെ ചെയ്യും. കാസര്‍കോട് ജില്ലയില്‍ മാത്രം കടകള്‍ രാവിലെ 11 മണിക്ക് തുറന്ന് അഞ്ച് മണിക്ക് അടയ്ക്കണം. മറ്റ് ജില്ലകളില്‍ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ കട തുറക്കാം. ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. ഇനി ഉപദേശമില്ല നടപടി മാത്രം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
Discussion about this post