തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് വീട്ടിലേക്ക് ക്ഷേമ പെൻഷൻ എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമ പെൻഷനുകൾ ഈ മാസം മുപ്പത്തൊന്നിനകം വീട്ടിലെത്തിക്കും. സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് മൊറട്ടോറിയം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കോവിഡ് രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കാൻ കാസർകോട് ജില്ല പൂർണ്ണമായി അടച്ചു. കണ്ണൂർ,പത്തനംതിട്ട, എറണാകുളം ജില്ലകൾ ഭാഗികമായി അടച്ചിടാനും സർക്കാർ തീരുമാനം. കടകളടച്ച സാഹചര്യത്തിൽ കാസർകോട്ട് വ്യാപാരികളുമായി സഹകരിച്ച് ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തിക്കും. സംസ്ഥാനത്തെ ബാറുകൾ പൂർണ്ണമായി അടയ്ക്കാനും ബവ്റിജസ് ഔട്്ലെറ്റുകൾ നിയന്ത്രണത്തോടെ പ്രവർത്തിപ്പിക്കാനും മന്ത്രിതല യോഗം തീരുമാനിച്ചു.
ജില്ലകളിൽ കോവിഡ് ബാധിച്ച ആളുകളുടെ കണക്ക് അനുസരിച്ചാണ് ജില്ലകളിലെ അടച്ചിടാൻ തീരുമാനിച്ചത്. ഏറ്റവുമധികം രോഗബാധിതരുള്ള കാസർകോട് ജില്ല പൂർണ്ണമായും അടച്ചു. ജനങ്ങൾ പുറത്തിറങ്ങരുത്. വ്യാപാരസ്ഥാപനങ്ങളും തുറക്കില്ല. വ്യാപാരിവ്യവസായികളുമായി സഹകരിച്ച് ഭക്ഷ്യസാധനങ്ങൾ വീട്ടിലെത്തിക്കും. കണ്ണൂർ പത്തനംതിട്ട എറണാകുളം ജില്ലകളിൽ ഭാഗിക അടിച്ചിടലിന് തീരുമാനിച്ചതും രോഗികളുടെ എണ്ണവും സമൂഹവ്യാപനത്തിനുള്ള സാധ്യതയും മുന്നിൽ കണ്ടാണ്. ഈ ജില്ലകളിൽ ആവശ്യസാധനങ്ങൾ വിലിക്കുന്ന കടകൾ മാത്രം തുറക്കും. പലചരക്ക്, പച്ചക്കറി, പാൽ വിൽപന കേന്ദ്രങ്ങൾ നിയന്ത്രണത്തോടെ തുറക്കും.
പൊതുഗതാഗതം ജില്ലകൾക്കുള്ളിൽ മാത്രമായി ചുരുക്കും. അതിർത്ത് കടന്ന പൊതുഗതാഗതം മറ്റ് ജില്ലകളിലേക്ക് പോകില്ല. സ്വകാര്യവാഹനങ്ങൾ ആവശ്യമെങ്കിൽ മാത്രം കർശന പരിശോധനക്ക് ശേഷം കടത്തിവിടും. ഭാഗികമായി അടച്ചിടുന്ന കണ്ണൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിലും പൊതുഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും കർശന നിയന്ത്രണ ഉണ്ടാവും. നിരോധനാജ്ഞയ്ക്ക് സമാനമായ സാഹചര്യമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സർക്കാർ നടപടികൾ പ്രഖ്യാപിക്കും.
Discussion about this post