കണ്ണൂര്‍: കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള വഴികള്‍ പൂര്‍ണമായും അടച്ചു. കേരളത്തില്‍ കൊറോണ രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കാസര്‍കോടായതിനാല്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ അതീവ ജാഗ്രതയിലാണ്. ജനങ്ങള്‍ ദേശീയ പാത ഒഴികെ മറ്റൊരു വഴിയും ഉപയോഗിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിച്ചിക്കുന്നുണ്ട്.
കാസര്‍കോടുനിന്ന് കണ്ണൂരിലേക്കുള്ള മറ്റ് വഴികളെല്ലാം അധികൃതര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അടച്ചു. ദേശീയ പാത അടച്ചിട്ടില്ലെങ്കിലും ഇവിടെ കര്‍ശനമായ പരിശോധനയും ഉണ്ടാകും. കണ്ണൂരില്‍ ഇന്ന് അഞ്ചു പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ജാഗ്രത ശക്തമാക്കി. നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണവും കണ്ണൂരില്‍ ഉയരുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണമാണ് വര്‍ധിച്ചിട്ടുള്ളത്. തിങ്കളാഴ്ച മാത്രം നാന്നൂറോളം ആളുകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരെയടക്കം താമസിപ്പിക്കുന്നതിനായി 17 ഏകാന്ത കേന്ദ്രങ്ങള്‍ തയ്യാറാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 400ല്‍ അധികം കിടക്കകളുള്ള നിലവില്‍ പ്രവര്‍ത്തിക്കാതിരിക്കുന്ന അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകള്‍, കിന്‍ഫ്രയുടെ കീഴിലുള്ള കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണ് ശ്രമം നടക്കുന്നത്.