കോഴിക്കോട്: മലബാർ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് ചൊവ്വാഴ്ച പാൽ സംഭരിക്കില്ലെന്ന് മലബാർ മിൽമ. മലബാർ മേഖലയിൽ പാൽ വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാൽ ശേഖരിക്കാത്തതെന്ന് മേഖലാ യൂണിയൻ മാനേജിംങ് ഡയറക്ടർ അറിയിച്ചു. മലബാർ മേഖലാ യൂണിയൻ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി പ്രതിദിനം 5.90 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്.
മലബാർ പ്രദേശങ്ങളിൽ കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശ പ്രകാരം കടകൾ അടഞ്ഞുകിടക്കുന്നതിനാൽ പാൽ വിൽപ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാൽ ക്ഷീര സംഘങ്ങളിലെ പാൽ സംഭരണം വർധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച കാലത്തും വൈകീട്ടും പാൽ സംഭരണം നിർത്തുന്നതെന്ന് മാനേജിംങ് ഡയറക്ടർ കെഎം വിജയകുമാർ പറഞ്ഞു.
പാൽ വിപണന സാധ്യതകൾ കുറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്ത് വരും ദിവസങ്ങളിലും സംഭരണത്തിൽ ഇത്തരം നിയന്ത്രങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.