കൊവിഡ്: വടകരയില്‍ നിരോധനാജ്ഞ ലംഘിച്ച് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ; പോലീസ് ലാത്തി വീശി

വടകര: നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോട് വടകര ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ. ഇരുന്നൂറോളം ആളുകളാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ കൂട്ടം കൂടി നിന്നത്. കൂട്ടംകൂടി നിന്നവരെ പിരിച്ചു വിടാനായി പോലീസ് ലാത്തി വീശി.

ഒരു ഷോപ്പില്‍ അഞ്ച് പേരിലധികം ആളുകള്‍ കൂടി നില്‍ക്കരുതെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇരുന്നൂറോളം പേര്‍ ക്യൂ നിന്നത്. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൂട്ടംകൂടുന്നതിനും മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനും വിലക്കുണ്ട്. ഇത്തരത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കനത്ത നടപടി സ്വീകരിക്കുന്നതിന് ഇടയിലാണ് നിയന്ത്രണങ്ങളെ കാറ്റില്‍ പറത്തി ജനങ്ങളുടെ നിസ്സഹരണം.

Exit mobile version