കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം കടുപ്പിച്ചിരിക്കുകയുമാണ് ജില്ലാ ഭരണകൂടം.
നിലവില്‍ നിയന്ത്രണങ്ങള്‍ മൂലം ഏറെ കുറെ നിശ്ചലമാണ് കാസര്‍കോട് ജില്ല. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടപടികള്‍ ഒരുപടി കൂടി കടുപ്പിച്ചതായി ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഇനിമുതല്‍ അഭ്യര്‍ത്ഥന ഉണ്ടാവില്ലെന്നും റൂട്ട്മാപ്പ് ഇല്ലെന്നും നടപടി മാത്രമായിരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കടകള്‍ 11 മണിമുതല്‍ അഞ്ചുമണി വരെ മാത്രമേ തുറക്കുകയുള്ളൂ. ഈസമയത്ത് തുറക്കാന്‍ തയ്യാറാവാത്തവരുടെ കടകള്‍ നിര്‍ബന്ധിച്ച് തുറപ്പിക്കുമെന്നും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയെന്നും കളക്ടര്‍ വ്യക്തമാക്കി.
നടപടികളെല്ലാം ശക്തമാക്കിയതോടെ ഇനി കാസര്‍കോട് ജില്ല നന്നാവും. വാഹനപരിശോധയെല്ലാം ശക്തമാക്കിയിട്ടുണ്ടെന്നും അനാവശ്യമായി റോഡിലിറങ്ങുന്നവരെ വിരട്ടിയോടിച്ചിട്ടുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിലേക്ക് പോകുന്നവരാണെങ്കില്‍ പോലും രേഖകള്‍ കാണിക്കണം.
കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കുന്നവരില്‍ നിരവധിപ്പേര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചത് മൂലം നിരവധി പ്രശ്നങ്ങളാണ് സംസ്ഥാനം അഭിമുഖീകരിച്ചത്. റൂട്ടമാപ്പ് തയ്യാറാക്കി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഒന്നടങ്കം കണ്ടെത്തുക എന്നതാണ് ദുഷ്കരമായ ദൗത്യം.
കാസര്‍കോട്ടും നിരീക്ഷണത്തിലിരുന്ന ആള് നിര്‍ദേശങ്ങള്‍ ലംഘിച്ചത് മൂലം മറ്റു ജില്ലകളെ അപേക്ഷിച്ച് ഇവിടെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി. ഇതിന്റെ ഭാഗമായാണ് നടപടികള്‍ ഒരുപടി കൂടി ജില്ലാ ഭരണകൂടം കടുപ്പിച്ചത്.
Discussion about this post