കോഴിക്കോട്: രാജ്യതലസ്ഥാനവും മുംബൈ, ബംഗളൂരു പോലെയുള്ള വൻ ജനത്തിരക്കുള്ള നഗരങ്ങൾ പോലും ലോക്ക് ഡൗൺ ചെയ്തിരിക്കുന്നു. കൊവിഡ് പടരുന്നത് ഇനിയും നിയന്ത്രിക്കാനായില്ലെങ്കിൽ കേരളത്തിലെ പല ജില്ലകളും ലോക്ക് ഡൗൺ ചെയ്യേണ്ടതായി വരുമെന്നും സൂചനയുണ്ട്. വാർത്തകളിൽ ലോക്ക് ഡൗൺ എന്ന വാക്ക് നിറയുമ്പോൾ സാധാരണക്കാരുടെ സംശയമാണ് എന്താണ് ഈ നടപടി എന്നത്. ലളിതമായി പറഞ്ഞാൽ ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ ഇപ്പോൾ ഉള്ളത് എങ്കിൽ അവിടെ തന്നെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ നിങ്ങൾക്ക് അനുമതിയുണ്ടാവില്ല.
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന കോവിഡ് രോഗ വ്യാപനത്തിന് എതിരേയുള്ള മുൻകരുതലായാണ് രാജ്യത്തെ 80 നഗരങ്ങൾ ലോക്ക് ഡൗണിലേക്ക് പോകുന്നത്.
അതേസമയം, അവശ്യസാധന സർവ്വീസുകളെ പൊതുവെ ലോക്ക്ഡൗൺ ബാധിക്കാറില്ല. ഫാർമസികൾ, പലചരക്ക് പച്ചക്കറി കടകൾ, ബാങ്കുകൾ എന്നിവയുടെ സേവനം സാധാരണ ലോക്ക് ഡൗണുകളിൽ നിർത്തിവെപ്പിക്കാറില്ല. അവശ്യമല്ലാത്ത എല്ലാ സർവ്വീസുകളും ആഘോഷ പരിപാടികളും ഉൾപ്പടെയുള്ളവ ഈ കാലയളവിൽ പൂർണ്ണമായും നിർത്തിവെപ്പിക്കും.
എന്തെല്ലാമാണ് അവശ്യ സർവ്വീസുകൾ?
ഭക്ഷ്യവസ്തുക്കൾ, പഴം പച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങൾ, പമ്പ് നടത്തിപ്പുകാർ. അരി മില്ലുകൾ, പാൽ, പാൽ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങൾ, ഫാർമസി, മരുന്ന്, ആരോഗ്യ കേന്ദ്രങ്ങൾ ടെലികോം, ഇൻഷുറൻസ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകൾ എന്നിവയുടെയെല്ലാം പ്രവർത്തനത്തിന് ലോക്ക് ഡൗൺ കാലയളവിൽ തടസമുണ്ടാവില്ല.
ഈ ലോക്ക്ഡൗൺ നിർദേശം ലംഘിച്ചാൽ
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചാൽ ഒരുമാസം തടവും പിഴയുമാണ് ശിക്ഷ.
ജോലി സ്ഥലത്ത് പോകാനാവുമോ?
പ്രധാന നഗരങ്ങളിലെ സ്വകാര്യ കമ്പനികളെല്ലാം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാർ ജീവനക്കാരിൽ ഒരു വിഭാഗവും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗൺ കാലാവധി അവസാനിക്കും വരെ ഏറ്റവും കുറഞ്ഞ ജീവനക്കാരെ ഉൾപ്പെടുത്തി വേണം ഓരോ സ്ഥാപനവും ജോലി ചിട്ടപ്പെടുത്താൻ. കൂലിത്തൊഴിലാളികൾക്കും ദിവസവേതന തൊഴിലാളികൾക്കും ആശ്വാസ സഹായം കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം വന്നാൽ
ആശുപത്രി, ഫാർമസി പോലുള്ള അടിയന്തിര സേവനങ്ങൾക്ക് വിലക്ക് ഉണ്ടാകില്ല. ഗതാഗത സംവിധാനങ്ങൾ പരിമിതപ്പെടുത്തുമെന്നതിനാൽ കടകളിലെയും മാളുകളിലെയും സ്റ്റോക്കുകളെല്ലാം കുറവായിരിക്കും. അവശ്യ സാധനങ്ങൾ വാങ്ങാം. ലഭ്യത കുറവുണ്ടായാലോ എന്നുകരുതി അനാവശ്യമായി സാദനങ്ങൾ വാങ്ങി കൂട്ടി മറ്റുള്ളവരം ബുദ്ധിമുട്ടിക്കരുത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയാണെങ്കിൽ തന്നെ അന്യരേയും പരിഗണിച്ചുകൊണ്ട് സജ്ജരാകാം.
Discussion about this post