കാസർകോട്: വിദേശത്ത് നിന്നെത്തിയവർ നിരീക്ഷണത്തിൽ കഴിയാൻ തയ്യാറാകാതെ ജില്ലയിൽ വ്യാപകമായി കറങ്ങി നടന്നത് ആരോഗ്യപ്രവർത്തകർക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇവിടെ കൂടുതൽ കൊറോണ രോഗികൾ വ്യാപകമായ ജനസമ്പർക്കം നടത്തിയെന്നും കണ്ടെത്തി. ഇതിനുപിന്നാലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാൻ ആരോഗ്യപ്രവർത്തകർ തീരുമാനിച്ചു. രോഗബാധിതരും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കപ്പെട്ടവരായിരുന്നു. ഇത് ചെവിക്കൊള്ളാതെ കറങ്ങി നടന്നത് എല്ലാ പ്രതിരോധ പ്രവർത്തനങ്ങളേയും അട്ടിമറിച്ചിരിക്കുകയാണ്.
രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം. ഇനി മുതൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരെ പ്രാദേശിക ജാഗ്രതാ സമിതികൾ നേരിട്ട് ബന്ധപ്പെടും. കൊവിഡ് രോഗ ബാധിതരിൽ തളങ്കര സ്വദേശിയും പൂച്ചകാട് സ്വദേശിയും ആണ് കൂടുതൽ പേരുമായി ഇടപഴകിയത്. നേരത്തെ എരിയാൽ സ്വദേശിയും ഇതുപോലെ വ്യാപക സമ്പർക്കം പുലർത്തിയിരുന്നു. റൂട്ട് മാപ്പ് കണ്ടു മാത്രം കൂടുതൽ ആളുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 17 പേർക്കാണ് ജില്ലയിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജില്ലയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല. കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ. അവശ്യ സേവനങ്ങൾ മാത്രം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ നിർദ്ദേശിച്ചിരുന്നു.
Discussion about this post