തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും ശക്തമാക്കി അതീവ ജാഗ്രതയിലാണ് കേരളം. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനായി പൊതുപരിപാടികള്‍, ഉത്സവങ്ങള്‍, വിവാഹങ്ങള്‍ എന്നിവയെല്ലാം ലളിതമാക്കണമെന്നും കഴിവതും മാറ്റിവെയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സര്‍ക്കാര്‍ നല്കിയ നിര്‍ദേശം പാലിച്ച് തന്റെ വിവാഹം ലളിതമായി നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടന് മണികണ്ഠന് ആചാരി. ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം നിശ്ചയച്ചിരിക്കുന്നത്. കേരളം കൊറോണ ഭീതിയിലായിരിക്കുന്നതിനാല്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കി ഏറ്റവും ലളിതമായി ചടങ്ങ് മാത്രമായി വിവാഹം നടത്തുമെന്ന് മണികണ്ഠന് പറഞ്ഞു.
”കൊറോണയെയും നമ്മള് മലയാളികള്‍ അതിജീവിക്കും. വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. അത് അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും. നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യമാണ്. ”- മണികണ്ഠന് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കുമ്പോഴും വൈറസിനെ പിടിച്ചുകെട്ടാന്‍ സാധിക്കാത്ത കാഴ്ചയാണ് കണ്ടുവരുന്നത്.
Discussion about this post