കൊറോണ; മംഗളൂരു – കാസര്‍കോട് ദേശീയപാത ഇന്ന് മുതല്‍ അടച്ചിടും

കാസര്‍കോട്: കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ ആറുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മംഗളൂരു – കാസര്‍കോട് ദേശീയപാത ഇന്ന് മുതല്‍ അടച്ചിടുമെന്ന് കര്‍ണാടകയും അറിയിച്ചു.

ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഈ മാസം 31 വരെയാണ് അടച്ചിടുക. രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരാണ് കാസര്‍കോട് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണം കൂടിവരുന്നതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് കാസര്‍കോടേക്കുള്ള ബസ് സര്‍വ്വീസുകളില്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

Exit mobile version