കൊച്ചി: സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 40 ആയി ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ സ്ഥിതി ഗൗരവ തരമാണെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 44396 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുകയാണ്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി വീടുകളിലേക്ക് അയച്ചു. ഇന്നുമാത്രം 55 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് അയച്ച 3436 സാമ്പിളുകളില്‍ 2393 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ശേഷം രോഗലക്ഷങ്ങള്‍ കണ്ടെത്തിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ രണ്ട് സംഭവങ്ങളിലും നേരത്തെ തന്നെ രോഗികളെ കണ്ടെത്തി മാറ്റിപാര്‍പ്പിച്ചതിനാല്‍ കൂടുതല് ആശങ്കയ്ക്ക് വകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കാസര്‍കോട് ജില്ലയിലെ സ്ഥിഗതികള്‍ അതീവഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തു നിന്നും വന്ന രണ്ട് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കാസര്‍കോട് രോഗബാധ സ്ഥിരീകരിച്ചത്. കാസര്‍കോട്ടെ കാര്യം വിചിത്രമാണ്. കൊവിഡ് ബാധിച്ചയാള്‍ കരിപ്പൂര്‍ ഇറങ്ങി. ഇദ്ദേഹം പലയിടത്തും സന്ദര്‍ശനം നടത്തി. പൊതുപരിപാടികളില്‍ എല്ലാം പങ്കെടുത്തു. ഇഷ്ടം പോലെ സഞ്ചരിച്ചു. അവര്‍ കാരണം രണ്ട് എംഎല്‍എമാരെ നിരീക്ഷണത്തില്‍ ആക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രം തുറക്കും. ജില്ലയിലെ ക്ലബ്ബുകള്‍ അടച്ചിടണം. ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം. ജില്ലയില്‍ ജുമ നമസ്‌കാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.