എരഞ്ഞിപ്പാലം: ആദ്യം നിപ, പിന്നെ പ്രളയം, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി പ്രേമിന്റെയും സാന്ദ്രയുടെയും ജീവിതത്തില്‍ ഇപ്പോള്‍ മൂന്നാമത്തെ വില്ലന്‍ കൊറോണ വൈറസാണ്. കേരളത്തിലുണ്ടായ മൂന്ന് ദുരന്തങ്ങള്‍ കാരണം ഇത് മൂന്നാംതവണയാണ് പ്രേമിന്റെയും സാന്ദ്രയുടെയും കല്യാണം മുടങ്ങുന്നത്.
2018 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന പ്രേമും സാന്ദ്രയും വിവാഹ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാല്‍ 2018 മെയ് രണ്ടിന് കോഴിക്കോട്ട് ആദ്യ നിപ സ്ഥിരീകരിച്ചു. ഇതിനിടെ മെയ് 15ന് പ്രേമിന്റെ അമ്മാവനും മരണപ്പെട്ടു.
മരണം നടന്നതിനാല്‍ ഒരുവര്‍ഷത്തേക്ക് മംഗള കര്‍മ്മങ്ങള്‍ നടത്തരുതെന്ന വിശ്വാസമുള്ളതിനാല്‍ വലിയ ആഘോഷമില്ലാതെ വിവാഹം നടത്താം എന്ന് ഇരുവരുടെയും ബന്ധുക്കള്‍ തീരുമാനിച്ചു. ഈ സമയത്താണ് നിപയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയത്. ഇതോടെ വിവാഹം 2019ലേക്ക് നീട്ടിവെച്ചു.
അതിനിടെയാണ് പ്രളയം രണ്ടാമത്തെ വില്ലനായി എത്തിയത്. ഉരുള്‍പ്പെട്ടലും വെള്ളപ്പൊക്കവുമായി നാടാകെ ദുരിതാശ്വാസക്യാമ്പുകളിലായിരിക്കെ ഒരിക്കല്‍ മാറ്റിവെച്ച വിവാഹം വീണ്ടും 2020 മാര്‍ച്ച് 21ലേക്ക് നീട്ടിവെച്ചു. 2000ത്തോളം വരുന്ന അതിഥികള്‍ക്ക് ക്ഷണക്കത്തും നല്കി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കാത്തിരിക്കുമ്പോഴാണ് ഭീഷണിയുമായി കൊറോണ വൈറസ് എത്തിയത്.
ലോകം മുഴുവന്‍ കൊറോണ ബാധിച്ച് ഐസലേഷനില്‍ കഴിയുമ്പോള്‍, ഉചിതമായൊരു തീരുമാനം എടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല ഇരുകുടുംബങ്ങള്‍ക്കും. നാളെയും മറ്റന്നാളുമായി നടക്കേണ്ട വിവാഹം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ് പ്രേമിന്റെയും സാന്ദ്രയുടെയും വീട്ടുകാര്‍.
കുടുംബത്തിലെ ആദ്യ വിവാഹമായതിനാല്‍ ആഘോഷപൂര്‍വ്വം നടത്തണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അതിനാല്‍ വിവാഹം ഈ വര്‍ഷം സെപ്തംബറില്‍ നടത്താനാണ് ഇപ്പോഴത്തെ ആലോചന.എന്നാല്‍ വിവാഹം ഇത്രയും തവണ മാറ്റിയതില്‍ പ്രേമിനും സാന്ദ്രയ്ക്കും വിഷമമില്ല. ദീര്‍ഘകാലമായുള്ള തങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരത്തിനായി ഇനിയും കാത്തിരിക്കാനാണ് ഇവരുടെയും തീരുമാനം.
Discussion about this post