ആളുകള്‍ കൂട്ടംകൂടുന്നത് ഉപേക്ഷിക്കണം എന്ന നിര്‍ദേശം ലംഘിച്ച് കുര്‍ബാന നടത്തി; പള്ളിക്കെതിരെ നോട്ടീസ്

കോട്ടയം: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഉപേക്ഷിക്കണം എന്ന സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ലംഘിച്ച് കുര്‍ബാന നടത്തിയ പള്ളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിക്കാണ് ജില്ലാ ഭരണകൂടം നോട്ടീസ് നല്കിയിരിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച് ഒരു പരിപാടിയില്‍ പതിനഞ്ചാളുകള്‍ മാത്രമേ പങ്കെടുക്കാവൂ. എന്നാല്‍ പള്ളിയില്‍ നടന്ന കുര്‍ബാനയില്‍ ഈ വിലക്ക് ലംഘിച്ച് നിരവധി വിശ്വാസികളാണ് പങ്കെടുത്തു. ഈ സാഹചര്യത്തിലാണ് തലയോലപ്പറമ്പ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ എത്തിയത്.

തുടര്‍ന്ന് ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം പള്ളിക്ക് നോട്ടീസ് നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും ഇത്തരം ചടങ്ങുകള്‍ ആവര്‍ത്തിച്ചാല്‍ നടപടി എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്നത്. വീണ്ടും ഇത് ആവര്‍ത്തിച്ചാല്‍ കേസ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചേര്‍ന്ന് വിവിധ മതനേതാക്കള്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഉപേക്ഷിക്കണം എന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എല്ലാ സഭകളും ക്ഷേത്രം, മഹല്ല് കമ്മിറ്റികളും ഈ നിര്‍ദേശത്തെ പിന്തുണച്ചു. എന്നാല്‍ തലയോലപ്പറമ്പിലെ സെന്റ് ജോര്‍ജ് പള്ളി ഈ നിര്‍ദേശം ലംഘിച്ച് കുര്‍ബാന നടത്തുകയായിരുന്നു.

Exit mobile version