ഈ അവസരത്തിലെ ഏറ്റവും ഉചിതമായ തീരുമാനം; മുഖ്യമന്ത്രി പിണറായിയെ അഭിനന്ദിച്ച് മോഹൻലാൽ; പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിനും അഭിനന്ദനം

കൊച്ചി: രാജ്യത്താകമാനം തന്നെ കോവിഡ് 19 പടരുന്നത് സാമ്പത്തിക-സാമൂഹിക അവസ്ഥയെ തകർക്കുന്നതിനിടെ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനങ്ങളുമായി നടൻ മോഹൻലാൽ.

ഈ അവസരത്തിൽ ചിന്തനീയമായ ഏറ്റവും ഉചിതമായ തീരുമാനം എന്നാണ് സാമ്പത്തിക പാക്കേജിനെ മോഹൻലാൽ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിനും മോഹൻലാൽ അഭിനന്ദനവും പിന്തുണയും അറിയിച്ചു. ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കാനും മോഹൻലാൽ ആശംസിച്ചു.

നേരത്തെ കാലമാവശ്യപ്പെടുന്ന പ്രവർത്തമാണ് സർക്കാർ നടത്തിയതെന്നും സർക്കാരിൽ താൻ അഭിമാനിക്കുന്നുവെന്നും പ്രതികരിച്ച് നടൻ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസം, 20,000 കോടി രൂപയുടെ പാക്കേജ് ആണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 20000 കോടിയുടെ സാമ്പത്തിക പാക്കേജിൽ നിന്ന് 2000 കോടി കുടുംബശ്രീ വഴി വായ്പ ലഭ്യമാകും. നേരത്തെ പ്രളയകാലത്തും ഇത്തരത്തിൽ ഒരു തീരുമാനം സർക്കാർ എടുത്തിരുന്നു. എന്നാൽ നിലവിൽ ദുരന്തത്തിന്റെ വ്യാപ്തി വലുതായത് കൊണ്ടാണ് ഈ തീരുമാനം.

കുടുംബങ്ങൾക്കാണ് ഇത് ലഭ്യമാകുക. ഏപ്രിൽ മേയ് മാസങ്ങളിലായി 1000 കോടി വീതമുള്ള ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി 2000 കോടി രൂപ മാറ്റി വെയ്ക്കും. നിലവിൽ സാമൂഹ്യ സുരക്ഷ പെൻഷൻ ഉപഭോക്താക്കളായവർക്ക് മാർച്ചിൽ തന്നെ പെൻഷൻ നൽകും. രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ചായിരിക്കും നൽകുക. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം റേഷൻ കടകൾ വഴി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version