കൊച്ചി: ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡിജിപി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍കക്ഷിയായി സെന്‍കുമാറിനെ ചേര്‍ത്തിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങിയെന്നും സിബിഐ അന്വേഷിച്ച കേസില്‍ വീണ്ടും സെന്‍കുമാര്‍ പുനരന്വേഷണം നടത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
അതേസമയം ഉദ്യോഗസ്ഥനെന്ന നിലയില്‍ അതിന് വഴങ്ങി പ്രവര്‍ത്തിച്ചതിന്റ പേരിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ നീക്കം നായനാര്‍ സര്‍ക്കാരിന്റെ നിലപാടിനെ തള്ളിപ്പറയുന്നതാണെന്നും തന്റെ പേരില്‍ മുന്‍പ് ചുമത്തിയ കള്ളക്കേസുകള്‍ പോലെ ഇതിനെയും നേരിടുമെന്നുമാണ് ടിപി സെന്‍കുമാര്‍ പറയുന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ സുപ്രീം കോടതി വിധി പറഞ്ഞിരുന്നു.
1994 നവംബര്‍ 30-നാണ് നമ്പി നാരായണന് ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സിബിഐ നല്കിയ റിപ്പോര്‍ട്ട് കോടതി ഈ വര്‍ഷം അംഗീകരിക്കുകയായിരുന്നു.
Discussion about this post