കൊച്ചി: കൊവിഡ് 19 സംസ്ഥാനത്ത് പടര്‍ന്ന് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ പോലും ജനം ഭയക്കുന്ന സമയമാണ്. ഒഴിഞ്ഞ ബിവറേജ് ക്യൂ പോലും അതിന് ഉദാഹരണമായി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ഉയര്‍ത്തിക്കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച യുവാവിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയും.
ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേടതിയെ സമീപിച്ചത്. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹര്ജിക്കാരന് പറയുന്നുണ്ട്. ദിവസം 3 മുതല്‍ 4 ലക്ഷം വരെ ഇടപാടുകാര്‍ മദ്യം വാങ്ങാന്‍ ബിവറേജ് ഔട്ട്ലെറ്റില് എത്തുന്നുണ്ടെന്നും ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഹര്ജിക്കാരന് കോടതിയെയും നടപടി ‘ക്രമങ്ങളേയും പരിഹസിക്കുകയാണെന്നും ഹര്‍ജി കോടതി നടപടികളുടെ ദുരുപയോഗമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരക്കാര്‍ പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും എന്താണെന്ന് മനസ്സിലാക്കുന്നില്ല എന്ന വസ്തുത വളരെ വേദനാജനകമാണെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ തുറന്നടിച്ചു. ഹര്‍ജി തള്ളിയ കോടതി ജ്യോതിഷിനോട് അമ്പതിനായിരം രൂപ പിഴയും അടക്കാനും ഉത്തരവിട്ടു.
Discussion about this post