ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് പ്രമുഖര്‍. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകന്‍ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖര്‍ജി, മാധ്യമപ്രവര്‍ത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവരാണ് അഭിനന്ദനവുമായി രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കേരള സര്‍ക്കാരിന്റെ കൊവിഡ് പാക്കേജിനെ പുകഴ്ത്തി രംഗത്ത് വന്നത്.
കൊവിഡ് പാക്കേജിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ച ട്വീറ്റിനു റിപ്ലേ ആയാണ് ഇവര്‍ അഭിനന്ദനം അറിയിച്ചത്. ഇതാണ് നമുക്ക് വേണ്ടതെന്നായിരുന്നു ജ്വാല ഗുട്ടയുടെ റിപ്ലേ. ഇന്ത്യക്ക് ഇപ്പോള്‍ വേണ്ടത് പിണറായി വിജയനെ പോലെയൊരു നേതാവിനെയാണെന്നാണ് മറ്റൊരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നിര്‍ണായകമായ ഈ സമയത്ത് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അലോക് ബാജ്പേയ് കുറിച്ചു. താങ്കള്‍ ഒരു ഇതിഹാസമാണെന്ന് അഭിഷേക് മുഖര്‍ജിയും ജനങ്ങളുടെ സുരക്ഷ ഇതാണെന്ന് ഗീത സേഷുവും കുറിച്ചു. ജനതാ സേഫ്റ്റി എന്ന് പറഞ്ഞാല്‍ ഇതാണെന്നും മുഖ്യമന്ത്രിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് ഗീത സേഷു പറഞ്ഞു.ചിലര്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെയും പുകഴ്ത്തുന്നുണ്ട്.
2000 കോടിയുടെ കൊവിഡ് പാക്കേജാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക മേഖല തിരിച്ചുപിടിക്കാനാണ് മുഖ്യമന്ത്രി 20000 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി വരുന്ന രണ്ട് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്ഷന് ഈ മാസം തന്നെ നല്‍കും. രണ്ട് മാസത്തെ പെന്ഷന് തുക ഒരുമിച്ചാകും നല്‍കുക. സാമൂഹിക സുരക്ഷാ പെന്ഷന് വാങ്ങാത്ത ബിപിഎല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. സംസ്ഥാനത്താകെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഒരു മാസത്തെ റേഷന്‍ നല്‍കും. 20 രൂപയ്ക്ക് ഭക്ഷണം നല്കുന്ന 1000 ഭക്ഷണ ശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
Discussion about this post