കൈകഴുകല്‍ ഡാന്‍സ് അങ്ങ് ക്ലിക്കായി, അന്താരാഷ്ട്രതലത്തിലും തിളങ്ങി കേരളാ പോലീസ്; ബിബിസിയിലും ഫോക്‌സ് ന്യൂസിലും പ്രശംസകള്‍

കൊവിഡ് 19-നെ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും ബിബിസി വാര്‍ത്തയില്‍ പറയുന്നുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത് കേരളാ പോലീസിന്റെ ഒരു ഡാന്‍സ് വീഡിയോ ആണ്. അത് ബ്രേക്ക് ഡാന്‍സൊന്നുമല്ല, മറിച്ച് കൊറോണ വൈറസിനെ വൈറസിനെ പ്രതിരോധിക്കുവാന്‍ വേണ്ടി കൈകഴുകേണ്ട വിധം പറഞ്ഞുകൊണ്ടായിരുന്നു ആ ഡാന്‍സ്. നിമിഷങ്ങള്‍ക്കുള്ളിലാണ് ജനത ഇക്കാര്യം ഏറ്റെടുത്തത്.

എന്നാല്‍ ഇപ്പോള്‍, കേരളാ പോലീസ് അന്താരാഷ്ട്ര തലത്തിലും തിളങ്ങിയിരിക്കുകയാണ്. കേരളാ പൊലീസിന്റെ കൈകഴുകള്‍ ബോധവല്‍ക്കരണ വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ബിബിസി, ഫോക്സ് ന്യൂസ് 5, സൗത്ത് ചൈനാ മോണിങ് പോസ്റ്റ്, സ്‌കൈന്യൂസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായത് പോലീസിന്റെ ബ്രേക്ക് ദ ചെയിന്‍ വീഡിയോ ആണ്. ആര്‍ടി ന്യൂസ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് 19-നെ തടയാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്നും ബിബിസി വാര്‍ത്തയില്‍ പറയുന്നുണ്ട്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്, പോലീസുകാര്‍ കൈകഴുകള്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി കൈകള്‍ വൃത്തിയാക്കുന്നതെങ്ങനെയെന്ന് വീഡിയോയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. രതീഷ് ചന്ദ്രന്‍, ഷിഫിന്‍ സി രാജ്, അനൂപ് കൃഷ്ണ, ജഗദ് ചന്ദ് ബി, രാജീവ് സിപി, ഹരിപ്രസാദ് എംവി എന്നീ പോലീസ് ഉദ്യോഗസ്ഥരായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

Exit mobile version