പാലക്കാട്: പാലക്കാട് വേലന്താവളത്ത് വാഹനപരിശോധനയ്ക്കിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് മരണം. കുറ്റിപ്പുറം സ്വദേശി വി അസറാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. നിർത്താതെ പോയ ലോറിയെ പിന്തുടരുമ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
തമിഴ്‌നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്‌പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂര് റോഡിൽ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post