തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന ഈ സാഹചര്യത്തെ അതിജീവിക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പൊതുജനങ്ങളുടെ ജീവിതം ദുസഹമായ പോലെ സാമ്പത്തിക രംഗവും തകർന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാർക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നൽകും. അതിനായി നൂറ് കോടി രൂപയാണ് ആവശ്യമായിട്ടുള്ളത്. ഒപ്പം 20 രൂപക്ക് ഭക്ഷണം നൽകാൻ ഹോട്ടലുകളും തുടങ്ങും. സെപ്റ്റംബറിൽ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ സാഹചര്യത്തിൽ ഏപ്രിലിൽ തന്നെ തുറക്കാനാണ് തീരുമാനം. ഹെൽത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തുകയാണ്.
കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബങ്ങൾക്കാണ് അത് ലഭ്യമാവുക. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം തന്നെ നൽകും. 50 ലക്ഷത്തിൽപരം ആളുകൾക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കുന്നവരാണ്. ബിപിഎല്ലുകാരിൽ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങാത്തവർക്ക് 1000 രൂപ വീതവും നൽകുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിനൊപ്പം വിവിധ സ്ഥാപനങ്ങൾക്ക് കൊടുക്കാനുള്ള കുടിശികകൾ ഏപ്രിലിൽ തന്നെ കൊടുത്ത് തീർക്കും. ഓട്ടോ, ടാക്‌സിക്കാരുടെ നികുതിയിൽ ആലോചന നടത്തുമെന്നും അവർക്കുള്ള ഫിറ്റ്‌നെസ് ചാർജിൽ ഇളവ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീയേറ്റിയറുകൾക്കുള്ള വിനോദ നികുതിയിലും ഇളവ് നൽകും. കൊവിഡ് 19 വ്യാപനം തടയാൻ സൈന്യ, അർദ്ധസൈന്യ വിഭാഗങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവരുമായി ചർച്ച നടത്തിയതായും പിണറായി വിജയൻ അറിയിച്ചു.
Discussion about this post