കോഴിക്കോട്: സ്വന്തം അമ്മ മരിച്ച ദു:ഖത്തിനിടയിലും കൊറോണ വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാറിന്റെ ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന്‍ നിര്‍ദ്ദേശം പാലിച്ച് മാതൃകയായി ഒരു കുടുംബം. കോഴിക്കോട് മുണ്ടക്കല്‍ ഖാദി ബോര്‍ഡിന് സമീപം പ്രമോദ് മഠത്തിലും കുടുംബവുമാണ് അമ്മ മരിച്ച ദുഃഖത്തിനിടയിലും ജാഗ്രത നിര്‍ദേശങ്ങള്‍ പാലിച്ച് മാതൃകയായത്.
പ്രമോദിന്റെ അമ്മ ജാനകി മാര്‍ച്ച് 17നാണ് മരിച്ചത്. അമ്മയുടെ വേര്‍പ്പാടില്‍ വിഷമിച്ചിരിക്കുമ്പോഴും വീട്ടില്‍ ആശ്വസിപ്പിക്കാനായി എത്തുന്നവരുടെ സുരക്ഷയും പ്രമോദിന്റെ മനസ്സിലുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന ആഗ്രഹം പ്രമോദ് സുഹൃത്ത് ജിതേഷിനെ അറിയിച്ചു.
തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് വീടിന് മുന്നില്‍ കൈകഴുകാന്‍ വെള്ളവും ഹാന്‍ഡ് വാഷും വെച്ചു. ഒപ്പം പെരുവയല്‍ പഞ്ചായത്ത് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ വീട്ടിന് പുറത്ത് വെച്ചു. ഒപ്പം വീടിനുള്ളിലേക്ക് കയറുമ്പോഴും മടങ്ങിപ്പോകുമ്പോഴും കൈകള്‍ കഴുകാന്‍ നിര്‍ദേശം നല്‍കി.
അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നവരെ നിയന്ത്രിക്കാനും ഇവര്‍ മറന്നില്ല. അതുകൊണ്ട് തന്നെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാനായി. ഇത്തരത്തില്‍ സമൂഹത്തിനും പ്രാധാന്യം നല്‍കുന്ന ഒരുപാട് മാതൃകകളാണ് ഈ കൊറോണ കാലത്ത് നമ്മുടെ മുന്നിലെത്തുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതു കൂടാതെ ഈ കുടുംബം അമ്മയുടെ ആഗ്രഹ പ്രകാരം രണ്ട് പേര്‍ക്ക് വെളിച്ചം പകരാന്‍ കണ്ണുകളും ദാനം ചെയ്തു.
Discussion about this post